രേവതിയുടെ മലയാളി ഹൌസില്‍ താമസിക്കാന്‍ സിന്ധുജോയി ഒരുങ്ങുന്നു

Sindhu joyസൂര്യ ടിവിയുടെ ‘ബിഗ്‌ബ്രദര്‍ ’ മോഡല്‍ റിയാലിറ്റി ഷോ, മലയാളി ഹൌസില്‍ രാഷ്ട്രീയ നേതാവ് സിന്ധു ജോയി പങ്കെടുക്കും. പതിനാറ് പ്രശസ്തരില്‍ ഒരാള്‍ സിന്ധു ജോയിയായിരിക്കും. എന്നാല്‍ ആരൊക്കെ പങ്കെടുക്കുമെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഷോ നടത്തിപ്പുകാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

രാഷ്ട്രീയ മേഖലയില്‍ നിന്ന് സിന്ധു ജോയിക്ക് പുറമെ മറ്റു ചിലരും പങ്കെടുക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, സിനിമാ മേഖലയില്‍ നിന്ന് തിരക്കില്ലാത്ത ചുരുക്കം ചിലരാണ് പങ്കെടുക്കുന്നത്. പരസ്പരം പരിചയമില്ലാത്ത പതിനാറു പ്രശസ്തര്‍ മൂന്നു മാസം ഒരു വീടിനുള്ളില്‍ താമസിക്കുന്നതാണ് റിയാലിറ്റി ഷോയുടെ ആശയം. പുറം ലോകവുമായുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, പത്രം, ടിവി എന്നിവയൊന്നും ഇവര്‍ക്ക് കിട്ടില്ല. മലയാളി ഹൌസിലെ ഇവരുടെ ഓരോ നീക്കങ്ങളും തത്സമയം ക്യാമറയില്‍ പകത്തും. ക്യാമറയില്‍ പകര്‍ത്തുന്നതെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രശസ്ത നടിയും സംവിധായികയുമായ രേവതിയാണു ടിവിയില്‍ അവതരിപ്പിക്കുക. മലയാളത്തില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോ വരുന്നത്. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഉള്ളടക്കം തനിക്ക് ഇഷ്ടപ്പെട്ടെന്ന് അതിനാലാണ് പ്രൊജക്ട് ചെയ്യാന്‍ സമ്മതിച്ചതെന്നും രേവതി പറഞ്ഞു.

ഹൈദരാബാദില്‍ ഒരുക്കുന്ന വീട്ടിലാണ് പ്രശസ്തരായ എട്ടു സ്ത്രീകളും എട്ടു പുരുഷന്മാരും ഒരുമിച്ചു താമസിക്കുക. നൂറ് ദിവസം വീടിനു പുറത്തേക്കിറങ്ങാതെ, ഭക്ഷണം പാകം ചെയ്തും, വീട് വൃത്തിയാക്കിയും, വസ്ത്രം കഴുകിയും ജീവിക്കണം. ഈ ജീവിതത്തോട് സഹരിക്കാന്‍ കഴിയാത്തവര്‍ ഷോയില്‍ നിന്നും പുറത്താകും. ആഴ്ചയില്‍ ഒരിക്കലാണ് എലിമിനേഷന്‍ നടക്കുക. എലിമിനേറ്ററായി എത്തുന്നത് രേവതിയാണ്. പരസ്പരം സഹകരിക്കാന്‍ കഴിയാത്തവരെ പുറത്താക്കുന്നതിലൂടെ അവസാനം ശേഷിക്കുന്ന ഒരാളെ വിജയിയായി പ്രഖ്യാപിക്കും.

തത്സമയം പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പരിപാടിയുടെ സംവിധായകന്മാരായ അര്‍ജുന്‍, ജോയ് എന്നിവര്‍ പരിശോധിക്കും. ഓരോ ദിവസങ്ങളിലുമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ അതാത് ദിവസങ്ങളില്‍ സം‌പ്രേഷണം ചെയ്യും. ഒരു ദിവസത്തെ സംഭവങ്ങള്‍ ഒരു മണിക്കൂറാക്കിയാണ് സംപ്രേഷണം ചെയ്യുക.

മെയ് ആദ്യവാരം സംപ്രേക്ഷണം തുടങ്ങുന്ന മലയാളി ഹൗസില്‍ രാഷ്ട്രീയം, സിനിമ, സംഗീതം, നൃത്തം തുടങ്ങി മേഖലകളില്‍ നിന്നുള്ള പ്രശസ്തര്‍ പങ്കെടുക്കും. ആഴ്ചയില്‍ അഞ്ചു ദിവസം പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് സൂര്യ ടിവി അറിയിച്ചു.

DONT MISS
Top