നെയ്യാര്‍ ഡാമില്‍ വന്‍തോതില്‍ ജലനിരപ്പ് താഴ്ന്നു

NEYYARതിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ വന്‍തോതില്‍ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ജലനിരപ്പ് വന്‍തോതില്‍ കുറയുന്നതെന്ന് അധികൃതര്‍. ദിവസേന പത്തു സെന്റീമീറ്റര്‍ വീതമാണ് വെള്ളം കുറയുന്നത്. ഇതോടെ കനാലുവഴി വെള്ളം തുറന്നു വിടുന്നതിന് അധികൃതര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇന്നലെ നെയ്യാര്‍ ഡാമില്‍ രേഖപ്പെടുത്തിയത്. 75 മീറ്റര്‍ കഴിഞ്ഞ വര്‍ഷം ഈ സമയം 78 മീറ്റര്‍ ജലമാണ് ഡാമില്‍ രേഖപ്പെടുത്തിയിരുന്നത്. അതായത് മൂന്നുമീറ്റര്‍ ജലം മുന്‍കാലത്തേക്കാള്‍ കുറഞ്ഞു. നെയ്യാര്‍ ഡാമില്‍ നിന്നും ഇടതുകര, വലതുകര കനാലിനെ ആശ്രയിച്ച് നിരവധി ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികളുമാണുള്ളത്. എന്നാല്‍ ഡാമില്‍ ദിവസേന പത്തുസെന്റീ്മീറ്റര്‍ വീതം വെള്ളം കുറഞ്ഞു തുടങ്ങിയതോടെ ജലവിതരണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടതുകര കനാലിലൂടെ പാറശ്ശാല വരെയും, വലതുകര കനാലിലൂടെ വിഴിഞ്ഞം, പൂവാര്‍ വരെയുമാണ് ജലവിതരണം നടക്കുന്നത്. ഡാമില്‍ വെള്ളം കുറഞ്ഞത് ഈ മേഖലകളിലെ കൃഷിയെയും കുടിവെള്ള പദ്ധതികളെയും ഏറെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഇടതുകര കനാലുവഴിയുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

ഇത് പാറശ്ശാല വരെയുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി. ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത് എന്നിവയുടെ കീഴിലുള്ള പതിനഞ്ചോളം കുടിവെള്ള പദ്ധതികളെയാണ് ബാധിച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വന്‍തോതില്‍ മഴ കുറഞ്ഞതും വേനല്‍ മഴ ഇല്ലാതായതുമാണ് ഇത്രയധികം ജലനിരപ്പ് താഴാന്‍ കാരണമായിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും ജലനിരപ്പ് താഴ്ന്നാല്‍ കനാലു വഴിയുള്ള ജലവിതരണം പൂര്‍ണ്ണമായും നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമാണുള്ളത്.

DONT MISS
Top