കല്ല്യാണം കഴിഞ്ഞും അഗാധമായി പ്രണയിക്കുന്നവര്‍ക്കുള്ളതാണ് ഓഗസ്റ്റ് ക്ലബ് : റിമ കല്ലിങ്കല്‍

പത്മരാജന്റെ മകന്‍ അനന്തപത്മാനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഗസ്റ്റ് ക്ലബ്ബ് ‘വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. റിമ കല്ലുങ്കല്‍, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന സാവിത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സാവിത്രിയെ അവതരിപ്പിക്കുന്ന റിമ കല്ലുങ്കല്‍. റിമയുമായി ടിന്റോ വര്‍ക്കി നടത്തിയ അഭിമുഖം.

rima

*വീണ്ടും നായികാ പ്രാധാന്യമുള്ള ചിത്രത്തിലേക്ക് റിമ എത്തുന്നു. എന്താണ് ഈ ചിത്രത്തിന് മറ്റ് ചിത്രത്തില്‍ നിന്നുള്ള പുതുമ ?

റിമ: സാവിത്രി നന്ദഗോപന്‍ എന്ന കഥാപാത്രത്തിന്‍റെ ഇമോഷണല്‍ ജേര്‍ണിയെ പിന്തുടരുന്ന സിനിമയാണ് ഓഗസ്റ്റ് ക്ലബ്ബ്. വളരെ നല്ല രീതിയില്‍ പോകുന്ന കല്ല്യാണ ജീവിതത്തിനിടയിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രം വളരെ ക്ലാസിക്കലാണ്. പഴയ കാലത്തെ സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്ന വളരെ പുതുമയും വ്യത്യസ്തതയും നിറഞ്ഞതാണ് സാവിത്രി നന്ദഗോപന്‍ എന്ന കഥാപാത്രം. നിദ്രയിലെ കഥാപാത്രത്തേക്കാളും കൂടുതല്‍ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ഓഗസ്റ്റ് ക്ലബബ്ബിലെ സാവിത്രി.

*സിനിമയിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ചെസ്സ്. എങ്ങനെയാണ് ചെസ്സിനെ സിനിമയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്?

റിമ: ചിത്രത്തില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുതല്‍ പുതിയതീരങ്ങള്‍ തേടി സാവിത്രി എന്ന കഥാപാത്രം പോകുന്നതിനെല്ലാം കാരണമായി വരുന്നത് ചെസ്സാണ്. സിനിമയിലെ ശക്തമായ പശ്ചാത്തലമായി ചെസ്സ് നിലനില്‍ക്കുന്നുണ്ട്.

*പത്മനാഭന്റെ മകന്‍ അനന്തപത്മനാഭന്‍ തുടക്കം കുറിക്കുകയാണ്. ഈ തിരക്കഥ തെരഞ്ഞെടുക്കാനുള്ള കാരണം?

റിമ: മുഴുവന്‍ കഥയും കേട്ട് സംവിധായകനുമായി സംസാരിച്ചതിന് ശേഷമാണ് ഈ ചിത്രം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. ഭരതന്‍ സാറിന്റെയും പത്മരാജന്‍ സാറിന്റെയും കാലത്തൊന്നും ഒരു നടിയായി എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എന്നാല്‍ അവരുടെ മക്കളായ സിദ്ദാര്‍ത്ഥന്റെ കൂടെയും, പപ്പേട്ടന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു.

കവിതയെ ഒരു സിനിമയിലേക്ക് അനായാസം കോര്‍ത്തിണക്കാന്‍ കഴിയുകയെന്നത് പപ്പേട്ടന്റെ ഒരു കഴിവാണ്. എല്ലാവര്‍ക്കും കഴിയുന്ന ഒരു കാര്യമല്ല ഇത്. സിനിമയിലെ ഓരോ സാഹചര്യത്തേയും പപ്പേട്ടന്‍ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.

*ചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ ഇതിലെ രണ്ട് കഥാപാത്രങ്ങള്‍ നമ്മോടൊപ്പമില്ല. തിലകന്‍ ചേട്ടനും സുകുമാരി ചേച്ചിയും അവരെപ്പറ്റി ഓര്‍ക്കുമ്പോള്‍?

റിമ: സുകുമാരിയമ്മയുമായുളള എന്റെ ആദ്യ ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്. സെറ്റില്‍ എല്ലാവര്‍ക്കും ഒരു അമ്മ തന്നെയാണ് സുകുമാരിയമ്മ. എന്നും അമ്പലത്തില്‍ പോകും എല്ലാവര്‍ക്കും കുറിതൊട്ടുകൊടുക്കും. എല്ലാവരെയും കെയര്‍ ചെയ്യുന്ന വ്യക്തിത്വമാണ്. അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരും. തിലകന്‍ ചേട്ടനും ഒരുപാട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്. മൂന്ന് സിനിമകളാണ് ഞാന്‍ തിലകന്‍ ചേട്ടന്റെ കൂടെ ചെയ്തത്.

*നായകനെപ്പറ്റി എന്താണ് പറയാനുള്ളത്. ഒരു സിനിമയിലും കാണാത്ത ഒരു കോമ്പിനേഷനായിരുന്നു ?

റിമ: ഈ സിനിമയില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല അനുഭവം മുരളി ഗോപി എന്ന നടന്റെ കൂടെ ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനും, നല്ല അഭിനേതാവുമാണ്. ഒരു ഭാര്യയായും അമ്മയായും അഭിനയിക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇവിടെ നമ്മുടെ എതിര്‍ കഥാപാത്രം നല്‍കുന്ന പിന്തുണ വളരെ ആവശ്യമാണ്. ഈ ചിത്രത്തില്‍ എന്നിക്കത് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. കെബി വേണു, പപ്പേട്ടന്‍, മുരളി ഗോപി എന്നിവരുടെ പിന്തുണയാണ് ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ലഭിച്ചത്.

*ചിത്രത്തില്‍ നിന്ന് മാറി വ്യക്തിപരമായ ജീവിതത്തില്‍ നിന്ന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം തന്നാല്‍?

റിമ: ഇല്ല ഞാന്‍ അവസരം തരുന്നില്ല.

*ചിത്രത്തെപ്പറ്റി പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

റിമ: കല്ല്യാണം കഴിഞ്ഞും അഗാധമായി പ്രണയിക്കുന്ന എല്ലാവര്‍ക്കുമായി ഈ ചിത്രം സമര്‍പ്പിക്കുന്നു. നല്ലൊരൊരു കുടുംബചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്.

DONT MISS
Top