നെല്ലിക്കയുടെ ഗുണങ്ങള്‍ എത്ര പേര്‍ക്കറിയാം ?

p2നമുക്ക് സുപരിചിതമാണ് നെല്ലിക്ക. പച്ച നെല്ലിക്കയായും, അച്ചാറായും ,ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ ഉപയോഗിക്കാറുണ്ട്.എന്നാല്‍ നെല്ലിക്കയുടെ യഥാര്‍ത്ഥ പോഷക ഗുണങ്ങളെ കുറിച്ചറിയാവുന്നവര്‍ നമുക്കിടയില്‍ ചുരുക്കമാണ്. പോഷക ഗുണങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ കുഞ്ഞു നെല്ലിക്കയെന്നാണ് പല പഠനങ്ങളിലും തെളിഞ്ഞത്.

ഏതൊരു ആയുര്‍വേദ ഉത്പന്നത്തിലും നെല്ലിക്കയുടെ പങ്ക് വലുതാണ്. ഇത്തരത്തില്‍ വൈദ്യ ശാസ്ത്രം പ്രതിപാദിക്കുന്ന എല്ലാ ഭക്ഷണ ക്രമങ്ങളിലും രോഗസംഹാരിയായും, സൌന്ദര്യ സംരക്ഷകയായും പോഷക വളര്‍ച്ചയ്ക്കായും നെല്ലിക്ക സുപ്രധാനമാണ് എന്നതും നെല്ലിക്കയുടെ ഗുണങ്ങള്‍ തുറന്നു കാട്ടുന്നവയാണ്. നെല്ലിക്കയില്‍ നടന്ന വിവിധ പഠനങ്ങളില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന നെല്ലിക്കകള്‍ പോഷക ഗുണങ്ങള്‍ നിറഞ്ഞതും ഈ പോഷക ഗുണങ്ങള്‍ മനുഷ്യന് ആരോഗ്യകരമായ ജീവിതം നല്‍കി അതുവഴി ആയുസ് വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യ ശരീരത്തിന് ഏറ്റവും അത്യന്താപേഷിതമായ വിറ്റാമിന്‍ സിയാണ് നെല്ലിക്കയില്‍ ഏറിയ പങ്കും അടങ്ങിയിരിക്കുന്നത്. ഇതിനു പുറമേ, അയണ്‍,സിങ്ക്, വിറ്റാമിന്‍ ബി എന്നിവയും കുഞ്ഞു നെല്ലിക്കയെ പോഷക സമൃദ്ധമാക്കുന്നു.

ടാനില്‍ എന്ന രാസ പദാര്‍ത്ഥത്തിന്റെ അളവ് കൂടുതലായി നെല്ലിക്കയില്‍ കണ്ടു വരുന്നു എന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരധാതുക്കളെ സങ്കോചിപ്പിക്കാനുള്ള  കഴിവുള്ളതിനാല്‍ രക്തസ്രാവം തടയുന്ന ലേപനങ്ങള്‍ നിര്‍മിക്കാന്‍ ടാനിന്‍ ഉപയോഗ പ്രദമാണ്. ടാനിന്‍ തീപ്പൊള്ളലിനും ഔഷധമാണ്. പൊള്ളലേറ്റ ചര്‍മത്തിലെ മാംസത്തെ അഴുകാത്തതും കട്ടിയുള്ളതുമാക്കി മാറ്റുന്നതിനാല്‍ ചര്‍മത്തിനടിയിലായി പുതിയ ശരീരകലകള്‍ക്കു വളരുവാന്‍ സാധിക്കും. ഇത്തരത്തിലുള്ള ടാനിന്‍ നെല്ലിക്കയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അന്തരീഷത്തിലെ വിവിധ ധാതു ഘടകങ്ങളുമായി ചേരുമ്പോള്‍ ടാനിന്‍ പിങ്ക് കലര്‍ന്ന നീല നിറത്തിലേയ്ക്ക് മാറുന്നു. ഇതു തന്നെയാണ് നെല്ലിക്കയുടെ നിറം മാറ്റത്തിനും കാരണം.

p1രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നു എന്നത് രക്തസമ്മര്‍ദ്ദമുള്ളവരെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തായാണ്. കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാന്‍ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാതിരിക്കാന്‍ നെല്ലിക്കയിലെ വിവിധ കാര്‍ബോളിക്ക് അമ്ലങ്ങള്‍ സഹായിക്കുന്നു.  ഇന്‍സുലിന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് നെല്ലിക്കയും പ്രമേഹത്തെ പ്രതിരോധിക്കാനായി ശരീരത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍.

ശരീരത്തെ പ്രായാധിക്യത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രധാന വിറ്റാമിനാണ് വിറ്റാമിന്‍ എ. ശരീരത്തില്‍ ചുളിവുകളും മടക്കുകളും ഉണ്ടാകാതെ നിത്യ യൌവ്വനം നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ സഹായകമാണ്, നെല്ലിക്കയും വിറ്റാമിന്‍ എയാല്‍ സമ്പുഷ്ടമാണ്. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ദാമ്പത്യ ജീവിത്തിലും നെല്ലിക്ക ഏറെ ഗുണകരമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബീജങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്കയിലെ ഇരുമ്പ് സഹായിക്കുന്നു. നിത്യേന ഒരു കപ്പ് നെല്ലിക്കജ്യൂസ് കഴിക്കുന്നതിലൂടെ ലൈംഗികഉണര്‍വ്വ് ലഭിക്കുമെന്ന് ആയുര്‍വേദത്തിന്റെ പുതിയപഠനങ്ങളും നിര്‍ദ്ദേശിക്കുന്നു.

ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളെ തടയുന്നതിലൂടെ നെല്ലിക്ക ക്യാന്‍സറിനെ തടയുന്നതായി അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സെല്ലില്‍ നിന്നും ക്യാന്‍സര്‍ അടുത്ത സെല്ലിലേയ്ക്ക് പടരുന്നത് തടയാനും നെല്ലിക്ക സഹായിക്കുന്നു.

ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഉത്തമ പ്രതിവിധിയാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബറിന്റെയും വിവിധ കാര്‍ബോളിക് അമ്ലങ്ങളുടെയും വെള്ളത്തിന്റെയും സത്തുക്കള്‍ ദഹന പ്രക്രിയയിലുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. നിത്യേന ഒരു സ്പൂണ്‍ നെല്ലിക്കാ നീര് കഴിക്കുന്നത് വയറ്റിലുണ്ടാകുന്ന അസഡിറ്റിയും വയറ്റിലെ അസ്വസ്ഥതകളെയും പ്രതിരോധിക്കാന്‍ പ്രാപ്തമാണ്.

നെല്ലിക്കയുടെ നേരിട്ടുള്ള ഉപയോഗങ്ങള്‍ക്കു പുറമെ, നെല്ലിക്കയും വിവിധ നാടന്‍ പച്ചമരുന്നുകളും കൂടി ചേരുന്നത് വിവിധ അസുഖങ്ങളെ പ്രതിരോധിയ്ക്കാന്‍ ഗുണകരമാണ്. ഇഞ്ചിയും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം പണ്ട് മുതല്‍ ജലദോഷത്തെ പ്രതിരോധിക്കാന്‍ നിലനില്‍ക്കുന്ന ഏറ്റവും നല്ല മരുന്നുകൂട്ടുകളില്‍ ഒന്നാണ്.

ആല്‍ക്കഹോളിന്റെയും രാസവസ്തുക്കളുടെയും ഉപയോഗത്തിലൂടെ കരളിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാനും നെല്ലിക്ക ഉപയോഗപ്രദമാണ്.

DONT MISS
Top