മൂന്നുപേരെ ലോക് സഭയിലേക്ക് അയക്കാന്‍ ലീഗ് കച്ച മുറുക്കുന്നു. നോട്ടം കാസര്‍ഗോട്ടേക്ക്

iuml2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ നിന്ന് മൂന്ന് മു്സലിംലീഗ് എം. പി മാര്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലീഗ് നേതൃത്വം. സിറ്റിംഗ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ഇത്തവണ തയ്യാറാവില്ല. നാലു മണ്ഡലങ്ങള്‍ യു.ഡി എഫിനോട് ചോദിക്കും. മൂന്നെണ്ണം വാങ്ങും. മൂന്നിടത്തും ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചുവരുമെന്ന് മുതിര്‍ന്ന ലീഗ് നേതാക്കള്‍ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈവിനോട് പറഞ്ഞു.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെ, വയനാട്, കാസര്‍ഗോഡ് എന്നിവയാണ് പുതുതായി ആവശ്യപ്പെടുക. വയനാട് കോണ്‍ഗ്രസ്സ് നേതാവ് എം. ഐ ഷാനവാസിന്റെ സിറ്റിംഗ് സീറ്റ് ആയതിനാല്‍ അത് കിട്ടുമെന്ന് ശുഭപ്രതീക്ഷയില്ല.

സാധാരണഗതിയില്‍ യു.ഡി.എഫ് തുടക്കത്തിലേ എഴുതിത്തള്ളുന്ന മണ്ഡലമാണ് കാസര്‍ഗോഡ്. ഘടകക്ഷികളൊന്നും മണ്ഡലം ഏറ്റെടുക്കാത്തതിനാല്‍ അവസാന നിമിഷം കോണ്ഗ്രസ്സ് സ്ഥാനാര്‍ഥിയെ കണ്ടുപിടിച്ച് കാസര്‍ഗോഡേക്ക് അയക്കാറാണ് പതിവ്. ഇങ്ങനെയെത്തുന്ന ഇറക്കുമതി സ്ഥാനാര്‍ഥികളെ മണ്ഡലത്തില്‍ പരിചയപ്പെടുത്തി വരുമ്പോഴേക്ക് എതിര്‍സ്ഥാനാര്‍ഥികള്‍ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കും. 2009ല്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള ഷാഹിദാ കമാല്‍ കോണ്ഗ്രസ്സ് സ്ഥാനാര്‍ഥിയായി വന്നപ്പോഴും അതാണ് സംഭവിച്ചത്.

എന്നാല്‍, അല്‍പ്പം ബുദ്ധിമുട്ടിയാലും കാസര്‍ഗോഡ് ജയിച്ചുകയറാമെന്ന കണക്കുകൂട്ടലാണ് ലീഗ് നേതാക്കള്‍ക്കുള്ളത്. അതിന് ആവശ്യമായ സംഘടനാ സംവിധാനം മണ്ഡലത്തില്‍ ലീഗിന് ഉണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായും കല്ല്യാശ്ശേരി മണ്ഡലത്തിലെ ചില പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍ഗോഡ് പാര്‍ലമെന്റ് സീറ്റ്. ഇതില്‍ മഞ്ചേശ്വരവും കാസര്‍ഗോഡും ലീഗിന്റെ സിറ്റിംഗ് സീറ്റുകളാണ്. കാസര്‍ഗോഡ് നഗരസഭ ഭരിക്കുന്നതും ലീഗാണ്. മറ്റു മണ്ഡലങ്ങളിലെ പലപഞ്ചായത്തുകളിലും ലീഗിന് നിര്‍ണായക സ്വാധീനമുണ്ടെന്ന് കാസര്‍ഗോഡ് ജില്ലയിലെ ലീഗ് നേതാക്കള്‍ അവകാശപ്പെടുന്നു. അവസാന നിമിഷം ഒരുങ്ങിയിറങ്ങുന്ന പതിവ് അവസാനിപ്പിച്ച് തെരഞ്ഞടുപ്പ് മുന്നില്‍കണ്ട് ഇപ്പോഴേ മുസ്ലിം ലീഗ് പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. കുടുംബസംഗമങ്ങളിലൂടെ നിലമൊരുക്കുകയാണ് ആദ്യഘട്ടം.

മറ്റു മണ്ഡലങ്ങളേക്കാള്‍ ബി.ജെ.പിക്ക് സ്വാധീനം ഏറെയുണ്ട് എന്നതാണ് കാസര്‍ഗോഡിന്റെ പ്രത്യേകത. എന്നാല്‍ അതും അനുകൂലമാക്കിയെടുക്കാമെന്നാണ് ലീഗ് പ്രതീക്ഷ. ബി.ജെ. പിക്കും എല്‍ ഡി എഫിനും മണ്ഡലത്തില്‍ ഏതാണ്ട് തുല്ല്യ ശക്തിയാണെന്ന് ലീഗ് കണക്കുകൂട്ടുന്നു. ലീഗ് സ്ഥാനാര്‍ഥി വരുമ്പോഴുണ്ടായേക്കാവുന്ന വിരുദ്ധവികാരവും നെഗറ്റീവ് വോട്ടുകളും ഒരു
പക്ഷത്തേക്ക് മാത്രം ചായില്ലെന്നും അത് ബി. ജെ. പിക്കും എല്‍. ഡി. എഫിനുമിടയില്‍ ഭിന്നിച്ചുപോകുമെന്നുമാണ് ലീഗ് വിശകലനം. പരമ്പരാഗതമായി ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ മടിയുള്ള കോണ്‍ഗ്രസ്സുകാരും കാസര്‍ഗോട്ട് ഉണ്ട്. അവരുടെ വോട്ടുകളും ബി. ജെ. പിയും സി. പി. ഐ. എമ്മും പകുത്തെടുക്കുമ്പോള്‍ ഇടയിലൂടെ ജയിച്ചുകയറാമെന്നാണ് ലീഗ് കരുതുന്നത്.

DONT MISS
Top