വെനസ്വേല തെരഞ്ഞെടുപ്പ്: ചട്ടലംഘനം ആരോപിച്ച് പ്രതിപക്ഷം പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് വെനസ്വേലന്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സര്‍ക്കാര്‍ ടെലിവിഷനിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച്ചത്തെ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് പരാതിയുമായി പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്റിക് കാപ്രിലെസ് രംഗത്തെത്തിയത്.

കാപ്രിലസ് ഇന്റര്‍നെറ്റിലൂടെയും വ്യാപകമായ രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. ഭരണത്തിലിരിക്കുന്നവര്‍ക്ക് എങ്ങനെ അധികാരം ദുര്‍വിനിയോഗം ചെയ്യാമെന്ന് മാത്രമാണ് അറിയുകയെന്ന് കാപ്രിലസ് ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് നിയമലംഘനത്തിനെതിരെ പരാതികൊടുക്കുമെന്ന് കാപ്രിലസ് അറിയിച്ചത്.

തെരഞ്ഞെടുപ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ താത്ക്കാലിക പ്രസിഡന്റിന്റെ ചുമതലയുള്ള നിക്കോളസ് മദ്യൂറോ ഹ്യൂഗോ ഷാവേസിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നത് വെനസ്വേല ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. മദുരോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ പങ്കെടുത്തതും വാര്‍ത്തയായിരുന്നു.

മദുരോയുടെ അഭിമുഖം ദേശീയ ചാനല്‍ സംപ്രേക്ഷണം ചെയ്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ വെനസ്വേലയില്‍ 2002 ല്‍ നടന്ന ഭരണ അട്ടിമറിയെക്കുറിച്ചാണ് മദ്യൂറോ അഭിമുഖത്തില്‍ പ്രധാനമായും പറഞ്ഞത്.

1.90 കോടി വെനസ്വേലക്കാരാണ് ഞായറാഴ്ച്ച സമ്മതിദാന അവകാശം വിനിയോഗിക്കുക. പ്രാദേശിക സമയം രാവിലെ 06.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് 04.30ക്ക് അവസാനിക്കും. തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഏപ്രില്‍ 19ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ജനുവരി 2019 വരെയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചത്. രണ്ട് വര്‍ഷത്തോളം ക്യാന്‍സറിനെതിരായ പോരാട്ടത്തിനൊടുവിലാണ് ഷാവേസ് മരണത്തിന് കീഴടങ്ങിയത്. ഷാവേസ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച നിക്കോളസ് മദ്യൂറോയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഇരു പക്ഷവും വലിയ ബഹുജനറാലികളോടെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെത്തിയതോടെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള അകലം കുറഞ്ഞതായാണ് സൂചന.

DONT MISS
Top