സാനിയക്ക് പിന്നാലെ സുസ്മിതയേയും പാകിസ്ഥാന്‍ കവരുമോ?

സാനിയമിര്‍സക്ക് പിന്നാലെ ഒരു ഇന്ത്യന്‍ സുന്ദരിയെ കൂടി പാകിസ്ഥാന്‍ കവര്‍ന്നേക്കുമെന്ന് സൂചന. മുന്‍ മിസ് യൂണിവേഴ്‌സും ബോളിവുഡ് താരവുമായ സുസ്മിത സെന്നാണ് പാക് ക്രിക്കറ്റ് താരമായ വസിം അക്രമിന്റെ ജീവിത സഖിയാകുന്നത്. ഈ മാസം അവസാനത്തോടെ വസിമിന്റേയും സുസ്മിതയുടേയും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഭാര്യ ഹുമ മരിച്ച ശേഷമാണ് വസിം അക്രം സുസ്മിതയുമായി അടുപ്പത്തിലായത്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വെച്ചാണ് വസിം അക്രമും സുസ്മിത സെന്നും പരിചയപ്പെടുന്നത്. അക്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് പരിശീലകനായിരുന്നപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധവും ദൃഢമായി. അടുത്തിടെ ഇരുവരെയും സംബന്ധിച്ച വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു.

സുഹൃദ് ബന്ധം അടുത്ത തലത്തിലേക്ക് മാറ്റാന്‍ സമയമായെന്ന ആലോചനയെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തു തന്നെ വിവാഹിതയാകുമെന്ന് സുസ്മിത സെന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ വിക്രംഭട്ട്, മുദാസ്സര്‍ അസീസ്, രണ്‍ദീപ് ഹൂട എന്നിവരുമായി സുസ്മിതയ്ക്ക് അടുപ്പമുള്ളതായി വാര്‍ത്തകള്‍ പരന്നിരുന്നു. ബിസിനസുകാരനായ ഇംതിയാസ് ഖാത്രിയുമായും സുസ്മിതക്ക് ബന്ധമുള്ളതായി ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. സുസ്മിതയ്ക്ക് റീന അലീഷ എന്നീ രണ്ട് ദത്ത് പുത്രിമാരുണ്ട്.

വിവാഹ വാര്‍ത്ത പരക്കുന്നതിനിടയിലും വസിം അക്രത്തെ ഒരു ആസ്‌ട്രേലിയന്‍ മോഡലുമായി ചേര്‍ത്തുള്ള വാര്‍ത്തകളും ബോളിവുഡില്‍ പരക്കുന്നുണ്ട്. കറാച്ചിയില്‍ അക്രം ഈ മോഡലുമൊന്നിച്ചാണ് കഴിയുന്നതെന്നാണ് ഗോസിപ്പിലെ ഒടുവിലത്തെ ട്വിസ്റ്റ്.

DONT MISS
Top