ഹൈറേഞ്ചിന് താഴെ ഒരു ഹൈടെക് കൃഷിയിടം

hitech_agriതൊടുപുഴ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കുമാരമംഗലം പാറയിലെ ദീപാ വിഹാറിലെ ബിനിത കര്‍ത്തയുടെ ഈ ഹൈടെക് കൃഷിയിടം. സംസ്ഥാനത്തെ ആദ്യ തലമുറയില്‍ പെട്ട ഹൈടെക്ക് കൃഷിയിടമെന്ന വിശേഷിപ്പിക്കാവുന്നതാണ് ബിനിത കര്‍ത്തയുടെ പരീക്ഷണത്തെ. പ്രകൃതിയിലേക്ക് കൂടുതല്‍ ചേര്‍ന്നുള്ള കൃഷിരീതിക്കിടയിലും തികച്ചും ആധുനിക സാങ്കേതിക വിദ്യകളെ കൃഷിക്കായി ഉപയോഗിക്കുന്നതില്‍ ഇവര്‍ മടി കാട്ടിയിട്ടില്ല.

ഹൈടെക് കൃഷിരീതികള്‍ നടത്തുന്ന ഫാമുകള്‍ സന്ദര്‍ശിച്ച് പഠിച്ചതിന് ശേഷമാണ് നാട്ടില്‍ ഇത്തരം സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് ബിനിത കര്‍ത്ത പറഞ്ഞു. സമാനമായ കൃഷിരീതി വിജയകരമായി നടത്തുന്ന ചേര്‍ത്തല സ്വദേശി ഹരിഹരനാണ് ഇവരുടെ കൃഷിരീതിക്ക് പിന്നിലെ ഉപദേശകനും മാതൃകയും.

നല്ല സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന പ്രദേശമാണ് കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ജൈവവളം മാത്രമുപയോഗിച്ചാണ് കൃഷിക്കായി മണ്ണൊരുക്കുന്നത്. വളരെ വൃത്തിയോടെയും ശ്രദ്ധയോടെയും വേണം ഈ പ്രവൃത്തി ചെയ്യാന്‍. ഓരോ ചെടികള്‍ക്കും പ്രത്യേകം ഇടമൊരുക്കുകയാണ് പിന്നീട് ചെയ്യുന്നത്. തുടര്‍ന്ന് പച്ചക്കറിവിത്തുകള്‍ വിതക്കാവുന്നതാണ്.

40 സെന്റ് വിസ്തൃതിയിലാണ്(11000 ചതുരശ്ര അടി) സംസ്ഥാനത്തെ വലിയ പോളി ഹൈടെക്ക് ഫാമുകളിലൊന്നായ ഇത് സ്ഥിതി ചെയ്യുന്നത്. ഇറക്കുമതി ചെയ്ത യു.വി ഷീറ്റും കൊതുകു വലകളും ഉപയോഗിച്ചാണ് സുതാര്യമായ മേല്‍ക്കൂരകളും ഭിത്തികളും നിര്‍മ്മിച്ചിരിക്കുന്നത്. കാറ്റിനേയും സൂര്യപ്രകാശത്തേയും ക്രമീകരിക്കുന്നതിന് യു.വി ഷട്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ ജൈവകൃഷിയായതിനാല്‍ എല്ലാം നിശ്ചിത തോതില്‍ മാത്രമേ പാടുള്ളൂ എന്ന് നിര്‍ബന്ധമുണ്ട്.

ചൂട് 33 ഡിഗ്രിക്ക് മുകളില്‍ പോയാല്‍ യു.വി ഷട്ടറുകള്‍ ഉപയോഗിച്ച് താപനില ക്രമീകരിക്കും. ചെടിയുടെ ഏറ്റവും താഴെയുള്ള രണ്ട് മൂന്ന് ഇലകള്‍ വെട്ടിമാറ്റും. ഇത് ചെടിയുടെ വളര്‍ച്ച കൂടുതല്‍ സുഗമമാക്കാനാണ് ചെയ്യുന്നത്. ഡ്രിപ്പ് ഇറിഗേഷനാണ് ഉപയോഗിക്കുന്നത്. താപനില ക്രമീകരിക്കാന്‍ കൂടാരത്തിനുള്ളില്‍ ഫോഗറും ക്രമീകരിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില ഉയരുന്നതോടെ കൃത്യമായ ഇടവേളകളില്‍ കൃത്രിമ മഴയും കൂടാരത്തില്‍ പെയ്തിറങ്ങും. വേപ്പിന്‍പിണ്ണാക്കും ചാണകവും അടങ്ങിയ മിശ്രിതമാണ് ചെടികളില്‍ പ്രയോഗിക്കുന്ന ഏക വളം. ഫാമിന്റെ ഉള്‍ഭാഗം പൂര്‍ണമായും അണുവിമുക്തമാക്കുന്നതിനായി പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയില്‍ കാല്‍ കഴുകി മാത്രമേ ഫാമിനുള്ളിലേക്ക് പ്രവേശനമുള്ളൂ.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ആദ്യവിത്തിട്ടത്. ചെറുവെള്ളരിയും വള്ളിപ്പയറുമാണ് ആദ്യ കൃഷി ഇനങ്ങള്‍. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും വാങ്ങിയ പയര്‍വിത്തും ബംഗളൂരുവില്‍ നിന്നും വാങ്ങിയ ഹൈബ്രിഡ് വെള്ളരിവിത്തുമാണ് മണ്ണില്‍ പരീക്ഷിച്ചത്. സാധാരണ വിളവിനേക്കാള്‍ രണ്ട് ഇരട്ടി വിളവാണ് ലഭിച്ചതെന്ന് ബിനിത കര്‍ത്ത സാക്ഷ്യപ്പെടുത്തുന്നു.

പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു പുറമേ എറണാകുളം ഒബ്‌റോണ്‍, ഗോള്‍ഡ് സൂക്ക് തുടങ്ങിയ മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബംഗളൂരുവിലേക്കും പച്ചക്കറി ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയായതിനാല്‍ പച്ചക്കറികളുടെ സ്വാദ് വേറിട്ട് തന്നെ നില്‍ക്കുന്നു.

33 ദിവസത്തിന് ശേഷം വെള്ളരിയും നാല്‍പ്പത്തഞ്ചാം ദിനത്തില്‍ പയറും ആദ്യ വിളവ് നല്‍കി. നാലരമാസമാണ് ഒരു ചെടിയുടെ ആയുസ്സ്. കൃഷിയിടത്തില്‍ നിന്നും പറിച്ചെടുത്താല്‍ കഴുകാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന വെള്ളരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജൈവപച്ചക്കറികള്‍ക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വിലയില്‍ നേരിയ വ്യത്യാസവുമുണ്ട്. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചറല്‍ മിഷന്റേയും കൃഷി വകുപ്പിന്റേയും സഹായം ലഭിക്കുന്നുണ്ട്. വിളവെടുപ്പിനും പരിപാലനത്തിനുമായി മൂന്ന് ജോലിക്കാരാണ് ഫാമിലുള്ളത്.

ബിനീതക്കൊപ്പം സഹകൃഷിക്കാരനായ ഷാജു കുര്യനും കൃഷിയിടത്തില്‍ സജീവമാണ്. ഓരോ ചെടിയേയും സവിശേഷമായ ശ്രദ്ധയോടെ പരിപാലിച്ചാല്‍ കൃഷി ആദായകരമാണെന്നാണ് ഇവരുടെ അനുഭവം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജു കുര്യന്‍ 9447608572


 

DONT MISS
Top