കൂട്ടുകൃഷിയുടെ വിജയവുമായി പയിമ്പ്ര

കോഴിക്കോട് ജില്ലയിലെ പയിമ്പ്രയിലാണ് ജൈവകൃഷിയുടേയും കൂട്ടുകൃഷിയുടേയും വിജയകഥയുമായി ഒരു കൂട്ടം കൃഷിക്കാരുള്ളത്. ഒരു നാട് ഒന്നായി കൃഷിക്കിറങ്ങിയ കാഴ്ച്ചയാണ് പയിമ്പ്രയിലുള്ളത്. കോഴിക്കോട് ജില്ലയിലെ കരിവട്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡാണ് കൂട്ടായ്മയുടെ ജൈവകൃഷിയില്‍ വിജയവഴി തെളിച്ചിരിക്കുന്നത്.

ഇവിടെ തരിശ് ഭൂമി തരിമ്പ് പോലുമില്ല. പണിയില്ലാതെ വെറുതേ ഇരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമില്ല. കാരണം ഇവിടത്തുകാര്‍ക്ക് കൃഷി നഷ്ടമല്ല. ആദായം തരുന്ന ജീവിതോപാധി കൂടിയാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെ മാത്രമാണ് പയിമ്പ്ര ഗ്രാമം. കൂട്ടുകൃഷിയുടെ ഉത്തമമാതൃകയാണ് ഈ നാട്. കൃഷി ഇറക്കാന്‍ ഒരു കൂട്ട്, വിളവെടുക്കാന്‍ ഒരു കൂട്ട്, വിപണ ഉറപ്പാക്കാന്‍ മറ്റൊരു കൂട്ട് അങ്ങനെ കൃഷിയുടെ പേരിലൊരു നാട്ടുകൂട്ടം.

കൃഷിക്കൊപ്പം കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണിയും വില്‍പ്പനയും ഇവര്‍ സവിശേഷമായി ശ്രദ്ധിക്കുന്നുണ്ട്. സമൃദ്ധി എന്ന പേരില്‍ ഇവര്‍ കൃഷി ഉത്പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിന് മാത്രമായി ഒരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. കുടുംബശ്രീക്കാരും ജനശ്രീക്കാരും തൊഴിലുറപ്പുകാരും എല്ലാം ഈ നാട്ടു കൂട്ടായ്മയില്‍ സജീവമാണ്. പറയത്തക്ക ജലസേചനസൗകര്യങ്ങളൊന്നുമില്ലാത്ത നാടാണിത്. പുഴയോ കനാലോ ഇവിടെയില്ല ജലസേചന സൗകര്യമൊരുക്കുന്നതിന് ഭരണകൂടം മുന്നട്ടിറങ്ങിയിട്ടില്ല. എന്നാല്‍ നാട്ടുകാരുടെ ദൃഡനിശ്ചയത്തിനും കൂട്ടായ്മയ്ക്കും മുന്നില്‍ ഇത് തടസമല്ലാതാവുകയായിരുന്നു.

കൃഷി ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ ലാഭകത്തിലാകാന്‍ പയിമ്പ്രക്കാരുടെ കാര്‍ഷിക കൂട്ടായ്മയ്ക്ക് കഴിഞ്ഞു. രാസവളത്തേയും കീടനാശിനിയേയും പടിക്ക് പുറത്താക്കി ഓരോ ചെടിയേയും ശ്രദ്ധയോടെ പരിപാലിച്ചാണ് പയിമ്പ്രക്കാര്‍ വിജയതീരത്തെത്തിയത്. ചാണകവും കടലപ്പിണ്ണാക്കുമാണ് പ്രധാന വളം. പയിമ്പ്രയില്‍ വെള്ളരിയും പയറും പാവയ്ക്കയും മത്തനും വെണ്ടയുമെല്ലാം വിളഞ്ഞുകിടക്കുകയാണ് വിഷു വിപണിയില്‍ കൂട്ടുകൃഷിയുടെ സമൃദ്ധിയൊരുക്കാന്‍.

പയിമ്പ്ര മാതൃകയെക്കുറിച്ചുള്ള കൂടൂതല്‍ വിവരങ്ങള്‍ക്ക് ജിതേഷ്.വി (വാര്‍ഡ് മെമ്പര്‍ ) 9946576486

DONT MISS
Top