ഒരു മണിക്കൂര്‍ വൈദ്യുതി അണച്ച് ലോകം ഭൗമമണിക്കൂര്‍ ആചരിച്ചു

Earth_hour_2

ആഗോള താപനത്തില്‍ നിന്നും ഊര്‍ജ്ജ പ്രതിസന്ധിയില്‍ നിന്നും ഭൂമിയെ രക്ഷിക്കുക എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളില്‍ എര്‍ത്ത് അവര്‍ ആചരിച്ചു. ഒരു മണിക്കൂര്‍ വൈദ്യുതി ദീപങ്ങള്‍ അണച്ചുകൊണ്ടാണ് ലോകജനത ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ അണിനിരന്നത്. വരും തലമുറയെ ഇരുട്ടില്‍ നിന്നും രക്ഷിക്കുന്നതിന് ഒരു മണിക്കൂര്‍ വൈദ്യുതി അണക്കുക എന്ന ആശയത്തിന് ലോകമെങ്ങും വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നി ബ്രിഡ്ജിലേയും ഓപ്പറ ഹൗസിലേയും ദീപങ്ങള്‍ അണച്ചാണ് ഭൗമമണിക്കൂറിന് ഔദ്യോഗിക തുടക്കം കുറിച്ചത്. ജപ്പാനിലെ ടോക്യോ ടവര്‍ ചൈനയിലെ ഒളിംപിക്‌സ് സ്റ്റേഡിയം ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ്‌സ് ബില്‍ഡിംഗ് പാരീസിലെ ഈഫല്‍ ടവര്‍ തുടങ്ങി ലോകത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങളിലും പ്രശസ്ത സ്മാരകങ്ങളിലും ഭൗമമണിക്കൂറിന്റെ ഭാഗമായി വൈദ്യുതി ദീപങ്ങള്‍ അണച്ചു.

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് 2007 മാര്‍ച്ച് 31ന് ഓസ്‌ട്രേലിയയില്‍ രാത്രി 7.30 മുതല്‍ ഒരു മണിക്കൂര്‍ വിളക്കണച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ആദ്യ ഭൗമ മണിക്കൂര്‍ ആചരിച്ചത്. ഓസ്‌ട്രേലിയയുടെ ദേശീയതലത്തിലുള്ള പരിപാടിയായി മാറ്റാനാണ് സംഘാടകര്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ഭൗമമണിക്കൂറിന്റെ സന്ദേശം ലോകമെമ്പാടും അതിവേഗം വ്യാപിക്കുകയായിരുന്നു.

2008ല്‍ 35 രാജ്യങ്ങളിലെ 371 നഗരങ്ങളിലേക്ക് ഭൗമ മണിക്കൂര്‍ വളര്‍ന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും വലിയതോതിലുള്ള പിന്തുണയാണ് വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ഭൗമമണിക്കൂറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും സര്‍ക്കാരുകളും ഔദ്യോഗികമായി ഭൗമമണിക്കൂറിനോട് അനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. 2013ലെത്തിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രചാരണ പരിപാടിയായി എര്‍ത്ത് അവര്‍ മാറിയിരിക്കുന്നു. ഏഴ് ഭൂഖണ്ഡങ്ങളിലെ 152 രാജ്യങ്ങളിലെ 7001 നഗരങ്ങള്‍ ഭൗമമണിക്കൂറില്‍ പങ്കെടുത്തു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

കേരളത്തിലും ഒരു മണിക്കൂര്‍ വിളക്കണഞ്ഞു

Earth_hour_1ലോകജനത വെളിച്ചം അണച്ച് ഭൗമമണിക്കൂര്‍ ആചരിച്ചപ്പോള്‍ തിരുവനന്തപുരം പരിസ്ഥിതി പ്രവര്‍ത്തക സുഗതകുമാരിയെ ആദരിച്ചാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ചേര്‍ന്നാണ് സുഗതകുമാരിയെ മെഴുകുതിരിയുടേയും ചിരാതിന്റേയും വെട്ടത്തില്‍ സുഗതകുമാരിയെ ആദരിച്ചത്. പരിപാടിയുടെ ഭാഗമായി സുഗതകുമാരിക്ക് സൗരോര്‍ജ്ജവിളക്കും ഉപഹാരമായി നല്‍കി. ചടങ്ങില്‍ ടീച്ചറുടെ കവിതകളും ആലപിച്ചു. മണ്ണിനും പ്രകൃതിക്കും വേണ്ടിയുള്ള തന്റെ സമരം തുടരുമെന്ന് സുഗതകുമാരി ടീച്ചര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഭൗമദിനത്തില്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഒരു മണിക്കൂര്‍ വൈദ്യുതി അണച്ച് മെഴുകുതിരി വെട്ടത്തിലാണ് ഓഫീസില്‍ ഫയലുകള്‍ പരിശോധിച്ചത്. ഒരുമണിക്കൂര്‍ മെഴുകുതിരി വെളിച്ചത്തിലായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ധനമന്ത്രി കെ.എം.മാണിയുടേയും മന്ത്രി ഷിബുബേബി ജോണിന്റേയും വസതികളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിളക്കുകള്‍ പൂര്‍ണ്ണമായും അണച്ചിരുന്നില്ല.

അതേസമയം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എല്ലാ വൈദ്യുതി ദീപങ്ങളും അണച്ച് ഭൗമമണിക്കൂറിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിയമസഭയില്‍ പൂര്‍ണ്ണമായും ലൈറ്റുകള്‍ അണച്ചിരുന്നു. ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ല.

ഗള്‍ഫില്‍ ഭൗമ മണിക്കൂര്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങി

ഗള്‍ഫ് രാജ്യങ്ങളിലും ഭൗമമണിക്കൂര്‍ വലിയതോതില്‍ ആചരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ വിളക്കുകള്‍ അണച്ചതോടെയാണ് ഗള്‍ഫ് നാടുകളിലെ ഭൗമമണിക്കൂര്‍ ഔദ്യോഗികമായി ആരംഭിച്ചത്.

ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍ എന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് ഭൗമമണിക്കൂര്‍ ആചരിച്ചത്. നിരവധിപേരാണ് ഭൗമമണിക്കൂര്‍ ആചരിക്കാന്‍ ഡൗണ്‍ ടൗണ്‍ ദുബായിലെത്തിയത്. ബുര്‍ജ് ഖലീഫയിലെ വെളിച്ചം അണഞ്ഞതോടെ മെഴുകുതിരികള്‍ കത്തിച്ച് ജനങ്ങള്‍ ഭൗമമണിക്കൂര്‍ പ്രതിജ്ഞയെടുത്തു. പ്രകൃതി സംരക്ഷണത്തിലൂടെ ആഗോളതാപനം കുറക്കുക എന്ന സന്ദേശമായിരുന്നു ഇവര്‍ക്ക് ലോകത്തിന് നല്‍കാനുണ്ടായിരുന്നത്. ഒരുമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ചതോടെ 200 ടണ്‍ കാര്‍ബണ്‍ വികിരണം ഒഴിവാക്കാന്‍ യു.എ.ഇക്ക് മാത്രം കഴിഞ്ഞു.

DONT MISS
Top