കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സ്വകാര്യ ലോബി മുതലെടുക്കുന്നു

Private_Busകോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മലബാറിലെ സ്വകാര്യ ബസ് ലോബി മുതലെടുക്കുന്നു. ഡീസല്‍ പ്രതിസന്ധി മൂലം കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിക്കുറച്ച ദേശസാല്‍കൃത റൂട്ടുകളിലടക്കം സ്വകാര്യ ബസുകള്‍ താത്കാലിക പെര്‍മിറ്റ് സമ്പാദിച്ച് സര്‍വീസ് ആരംഭിച്ചു. ദീര്‍ഘദൂര സര്‍വീസുകളടക്കം സ്ഥിരമായി കൈയ്യടക്കാനുള്ള സ്വകാര്യ ബസ് ലോബിയുടെ ശ്രമത്തിന് പിന്തുണ നല്‍കുന്നത് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആരോപിക്കുന്നു.
പാലക്കാട്- വയനാട്, മംഗലാപുരം – കാസര്‍ഗോഡ്, കാസര്‍ഗോഡ്- കണ്ണൂര്‍ തുടങ്ങിയ മലബാറിലെ പ്രധാന റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് താത്കാലിക സര്‍വ്വീസിനുള്ള പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. ഇത് ലാഭകരമായ റൂട്ടുകളില്‍ കടകയറാനുള്ള സ്വകാര്യ ബസ് ലോബിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആക്ഷേപം നിലവില്‍ വരുമാനത്തിലുണ്ടായ ഇടിവ് മൂലമുള്ള നഷ്ടം ഈ നടപടി പലമടങ്ങ് വര്‍ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയാനായി പലയിടത്തും സ്ഥാപിച്ച ടൈം ചെക്കിംഗ് പോയിന്റുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതിന് പിന്നിലും സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദമാണ്. സ്വകാര്യ ബസുകള്‍ എല്ലാ വേഗതാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ഇപ്പോള്‍ വിവിധ ജില്ലകളില്‍ കുതിച്ചുപായുന്നത്. 25ഓളം ബസുകള്‍ക്കാണ് ഇപ്പോള്‍ വിവിധ ജില്ലകളില്‍ താത്കാലിക പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത്. 100ഓളം ബസുകള്‍ പുതുതായി താത്കാലിക പെര്‍മിറ്റുകള്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

DONT MISS
Top