‘മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു’; കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മുംബൈ കോടതി

മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണയ്ക്കും സഹോദരി രങ്കോലി ചന്ദേലിനുമെതിരെ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ ഉത്തരവിട്ട് മുംബൈ കോടതി. ബാദ്ര മജിസ്‌ട്രേറ്റ് മെട്രോപോളിറ്റന്‍ കോടതിയാണ് എഫ്‌ഐആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ട്വീറ്റുകളിലൂടെ വിദ്വേഷവും വര്‍ഗ്ഗീയതയും പടര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. സിനിമയിലെ കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നെസ് ട്രെയിനറുമായ ഷാഹില്‍ അഷ്‌റഫലി സെയ്ദ് ആണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കങ്കണയ്ക്കും സഹോദരിക്കുമെതിരെ പരാതി നല്‍കിയത്.

ആരോപണ വിധേയ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പരാതി പരിശോധിച്ചതില്‍നിന്നും പ്രദമ ദൃഷ്ട്യാ മനസിലായതെന്ന് കോടതി വിലയിരുത്തി. ‘ട്വിറ്ററിലും അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങളിലാണ് ആരോപണങ്ങളുള്ളത്. ആരോപണ വിധേയ ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണം അനിവാര്യമാണ്’, മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ ജയ്ദിയോ ഖുലേ ഉത്തരവില്‍ പറഞ്ഞു.

ഐപിസി 153 എ, 195 എ, 124 തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് സയ്യദ് പരാതി നല്‍കിയിരിക്കുന്നത്. കങ്കണ മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തി നടത്തിയ ട്വീറ്റുകളും സയ്യദ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ട്വീറ്റുകളുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധാകേന്ദ്രമായി മാറിയത്. ബോളിവുഡിലെ സ്വജനപക്ഷപാതം ഉയര്‍ത്തിക്കാട്ടിയായിരുന്നു ആദ്യ ട്വീറ്റുകള്‍. പിന്നീട് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും സഖ്യസര്‍ക്കാരിലെ ഘടകകക്ഷിയായ ശിവസേനയ്‌ക്കെതിരെയും കങ്കണ തിരിയാന്‍ തുടങ്ങി. തുടര്‍ന്നാണ് പരാതിക്കാസ്പദമായ ട്വീറ്റുകള്‍ ചെയ്തത്.

തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിനെതിരെയും കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Latest News