കാത്തിരിക്കുന്നു മഹീ, ഒരു പക്ഷേ ആ പന്ത് പോലും നിന്റെ ‘ഹെലിക്കോപ്റ്ററിലേറി’ ഗ്യാലറിയിലെത്താന്‍

കിതയ്ക്കുന്ന ധോണി ഇതിഹാസ ഫിനിഷറുടെ അന്ത്യമോ?

ക്രീസില്‍ ആ നീളന്‍ മുടിക്കാരനുണ്ടെങ്കില്‍ അവസാന ഓവറില്‍ 20 റണ്‍സ് ഒരു പ്രശ്‌നമേ ആയിരുന്നില്ല. അവസാന പന്തില്‍ സിക്‌സര്‍ വേണമെങ്കില്‍ ടി വി ഓഫ് ചെയ്യേണ്ടി വരില്ല. 3 റണ്‍സ് ഓടിയെടുക്കുക നിസ്സാരമായിരുന്നു. പ്രതീക്ഷയെക്കാള്‍ ഉറച്ച വിശ്വാസമായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന ഫിനിഷറില്‍ ,വേഗക്കാരനില്‍. കാലം അയാളെ മുപ്പതുകളില്‍ എത്തിക്കും വരെയും അതങ്ങനെ തുടര്‍ന്നു. പക്ഷേ ഇന്നതിന് അന്ത്യമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ ബാറ്റിലെ സ്‌ഫോടനാത്മകത നഷ്ടപ്പെട്ടുവെന്ന് ആശങ്കപ്പെട്ടാല്‍ അതിന് അടിസ്ഥാനവുമുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ഇന്നലത്തെ മത്സരത്തില്‍ ധോണി ക്രീസിലെത്തുമ്പോള്‍ ചെന്നൈ ഇന്നിംഗ്‌സ് ഇഴയുകയായിരുന്നു. തുടക്കത്തില്‍ പതിഞ്ഞ് കളിച്ച് ഒടുക്കം കസറുന്ന ധോണിയെ പ്രതീക്ഷിച്ചു ക്രിക്കറ്റ് ലോകം മത്സരം കണ്ടു. വിജയലക്ഷ്യം അകലെയായിരിക്കെ മറു തലയ്ക്കല്‍ ജഡേജ സെക്കണ്ട് ഗിയറിലായി. ജഡേജയുമായുള്ള വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോണി പലപ്പോഴും തളര്‍ന്നു. ദീര്‍ഘ ശ്വാസമെടുക്കേണ്ടി വന്നു. ധോണിയില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. ജഡേജ പുറത്തായതിനു ശേഷം കൂറ്റനടികള്‍ക്ക് ധോണി ശ്രമിച്ചെങ്കിലും ടൈമിംഗ് കിട്ടാതെ വലഞ്ഞു. സങ്കടകരമായ കാഴ്ച്ച.

സിക്‌സറുകള്‍ പോയിട്ട് ബൗണ്ടറികള്‍ അടിക്കാന്‍ സാധിക്കാത്ത സാഹചര്യം. ഓടി തളര്‍ന്ന ധോണി വൈദ്യസഹായം തേടുന്നതും കണ്ടു. ധോണി ക്രീസില്‍ നില്‍ക്കെ ചെന്നൈ തോറ്റു. തൊട്ടു മുന്‍പുള്ള മത്സരത്തിലും സമാന സാഹചര്യമായിരുന്നു. ഐ പി എല്ലില്‍ മാത്രം കളിക്കാന്‍ തീരുമാനിച്ച ധോണിയുടെ പ്രകടനം നിരാശാജനകമാണ്. മുന്നിലെത്തുന്ന എല്ലാ പന്തുകളേയും ബൗണ്ടറി വര കടത്തിയിരുന്ന ധോണിയെ നഷ്ടമായ സങ്കടത്തിലും ആശങ്കയിലുമാണ് ക്രിക്കറ്റ് ലോകം.

Latest News