എംഎം ഹസ്സൻ നാളെ പാണക്കാട്ടെത്തുന്നു; ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും

ആദില്‍ പാലോട്‌

ജോസ്‌കെ മാണി യുഡിഫ് വിട്ടതോടെ മധ്യകേരളത്തിൽ ഒഴിവു വന്ന നിയമസഭാ സീറ്റുകളിൽ അവകാശവാദമുന്നയിച്ച് ജോസഫ് പക്ഷം ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. 15 സീറ്റുകൾ വേണമെന്നാണ് ജോസഫിന്റെ ആവശ്യം. മുഴുവൻ സീറ്റുകളും ജോസഫിന് കൊടുക്കാനാവില്ലെന്നിരിക്കെ ചില സീറ്റുകൾ കോൺഗ്രസ്സും ഏറ്റെടുക്കും.

ഇങ്ങനെ മുന്നണിയിലെ രണ്ട് കക്ഷികൾക്ക് സീറ്റ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ആനുപാതികമായി സീറ്റ്‌ വർധന ആവശ്യപ്പെട്ട് ലീഗും കളംനിറയുന്നത്. പുതിയ യുഡിഫ് കൺവീനർ എംഎം ഹസ്സൻ പാണക്കാട് എത്തുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രാരംഭ ചർച്ചകൾ നാളെ നടന്നേക്കും.

കോൺഗ്രസ്സിനും ജോസഫ് പക്ഷത്തിനും മധ്യകേരളത്തിൽ അനുവദിക്കുന്ന സീറ്റുകൾക്ക് ആനുപാതികമായി കോൺഗ്രസും മറ്റ്‌ ഘടക കക്ഷികളും മത്സരിക്കുന്ന മലബാറിലെ ചില പ്രധാനപ്പെട്ട സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുക.ജനദാതൾ യുഡിഫ് വിട്ടപ്പോൾ ഒഴിവ് വന്ന സീറ്റുകളിലും ലീഗിന് മോഹമുണ്ട്.
നാളെ നടക്കുന്ന ചർച്ചയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജന. സെക്രട്ടറി കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും.

Latest News