നിളാതീരത്ത് പെരുംകൊക്കന്‍ പ്ലോവര്‍; പുതിയ വിരുന്നകാരനെ സ്വീകരിക്കാന്‍ കൗതുകത്തോടെ പക്ഷിപ്രേമികള്‍

പാലക്കാട്: ഭാരതപ്പുഴയോരത്ത് വിരുന്നെത്തി പെരുംകൊക്കന്‍ പ്ലോവര്‍. ഭാരതത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന ഈ ദേശാടനപ്പക്ഷി ഗ്രേറ്റ് സ്റ്റോണ്‍ കര്‍ല്യൂ എന്ന പേരിലാണ് അറിയപ്പെടുന്നത്. പക്ഷിനിരീക്ഷകനായ തൃത്താല സ്വദേശി ഷിനോ ജേക്കബ് കൂറ്റനാടാണ് അപൂര്‍മായെത്തിയ ഈ നീര്‍പക്ഷിയെ ക്യാമറയിലാക്കിയത്.

കേരളത്തിന് പുറത്ത് നിന്നോ ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്നോ വരുന്നത് കൊണ്ട് പൊതുവെ പ്രാദേശിക ദേശാടനക്കാരായാണ് പെരുംകൊക്കനെ പരിഗണിയ്ക്കുന്നത്. യൂറോപ്പില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ദേശാടനപ്പക്ഷികള്‍ നിളാതീരത്തേക്ക് മുടങ്ങാതെ വിരുന്നെത്താറുണ്ട്. എന്നാല്‍ പെരുംകൊക്കന്‍ പ്ലോവര്‍ കേരളത്തില്‍ അപൂര്‍വമായേ എത്താറുള്ളൂ. മുമ്പ് കണ്ണൂരിലെ മാടായിപ്പാറ, പാലക്കാട്ടെ മീങ്കര അണക്കെട്ട്, തൃശൂര്‍-ആലപ്പുഴ എന്നിവിടങ്ങളിലെ കോള്‍ നിലങ്ങള്‍ എന്നിവിടങ്ങളില്‍ ഇക്കൂട്ടര്‍ എത്തിയതായി ആഗോള പക്ഷി നിരീക്ഷക വെബ്സൈറ്റായ ഇ-ബേര്‍ഡില്‍ക്കാണുന്നുണ്ട്.

സാധാരണയായി 49 മുതല്‍ 55 സെന്റീമീറ്റര്‍ വരെയാണ് പെരുംകൊക്കന്‍ പ്ലോവറുടെ നീളം. കൊക്കിന് മാത്രം ഏഴു സെ.മീറ്റര്‍ നീളം കാണും. കണ്ണുകള്‍ക്ക് മഞ്ഞനിറം. കണ്ണിനെച്ചുറ്റിയുള്ള കഴുത്തിലെ വളയത്തിന് ഭംഗിയുള്ള വെള്ളനിറം. കണ്ണിനോട് ചേര്‍ന്നുതന്നെ മുകളിലും താഴെയുമായുള്ള രണ്ട് കറുത്ത വരകളാണ് ഈ നീര്‍പക്ഷിയുടെ സൗന്ദര്യം കൂട്ടുന്നത്. ശരീരത്തിന്റെ അടിഭാഗത്തും നെഞ്ചിലും ചാരംകലര്‍ന്ന തവിട്ടുനിറം. കാലുകള്‍ക്ക് മങ്ങിയ പച്ചകലര്‍ന്ന മഞ്ഞനിറം. ശരീരത്തിന്റെ ബാക്കിഭാഗത്തെല്ലാം വെള്ളനിറമാണ്.

ചെറുപ്രാണികളും ഞണ്ടുകളുമാണ് ഇവയുടെ ഭക്ഷണം. ശത്രുസാന്നിധ്യമുണ്ടായാല്‍ പറക്കുന്നതിന് പകരം ഓടി രക്ഷപ്പെടുകയാണ് ഇവയുടെ പതിവ്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് പെരുംകൊക്കന്‍ പ്ലോവറും. പ്രകൃതിയുടെയും വിഭവങ്ങളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഐയുസിഎന്‍ ചുവപ്പ് കാറ്റഗറിയിലാണ് ഈ പക്ഷിയെ പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇന്ന് നിലവിലുള്ള ജൈവ വൈവിധ്യത്തെ കുറിച്ചുള്ള നിര്‍ണ്ണായക സൂചികയായാണ് ഐയുസിഎന്‍ ചുവപ്പുലിസ്‌റ് കണക്കാക്കപ്പെടുന്നത്. അതു കൊണ്ടുതന്നെ അതീവ സംരക്ഷണമാവശ്യമായ ജീവിവര്‍ഗങ്ങളുടെ ലിസ്റ്റിലാണ് ഈ നീര്‍പക്ഷിയും. ഏതായാലും അപൂര്‍വമായെത്തിയ വിരുന്നുകാരനെ പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് ഷിനോ ജേക്കബ്.

Latest News