‘സറക്കു വാരി പട്ട’; മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം ജനുവരിയില്‍ ആരംഭിക്കും

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘സറക്കു വാരി പട്ട’യുടെ പൂജ കഴിഞ്ഞു. ജനുവരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കീര്‍ത്തി സുരേഷിന്റെ ജന്മദിനത്തിലാണ് മഹേഷ് ബാബു ചിത്രത്തിലെ നായിക കീര്‍ത്തിയാണെന്ന് അറിയിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യ നമൃതയും, മകള്‍ സിതാരയും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു.

അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും, ബോളിവുഡ് താരം വിദ്യാ ബാലന്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനില്‍ കപൂറാണ് ചിത്രത്തിലെ വില്ലനെന്നും അഭ്യൂഹങ്ങളുമുണ്ട്.

പരശുറാം ആണ് ‘സറക്കു വാരി പട്ട’യുടെ സംവിധായകന്‍. എസ് താമനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘സരിലേരു നീക്കെവ്വറു’ എന്ന ആക്ഷന്‍ ത്രില്ലറിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. അനില്‍ രവി പുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രഷ്മികയായിരുന്നു ചിത്രത്തിലെ നായിക.

കീര്‍ത്തി സുരേഷിന്റെ ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ്‌ ചെയ്തത്. സെല്‍വ രാഘവനൊപ്പം കീര്‍ത്തി അഭിനയിക്കുന്ന ‘സാനി കൈദത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അരുണ്‍ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും. യാമിനി യഗ്‌നമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ്.

Latest News