Local Body Election

വാര്‍ഡ് കമ്മിറ്റി നിര്‍ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയില്ല; മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനെ തടഞ്ഞ് പ്രതിഷേധം

വാര്‍ഡ് കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങള്‍ നിര്‍ദേശിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശിനെ ഓഫീസിലെത്തി തടഞ്ഞു. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി പതിനാറാം വാര്‍ഡ് കാരിമുക്കിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. നാല്‍പ്പത് വാര്‍ഡുകളുള്ള കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ചുകിട്ടിയ പതിനഞ്ചെണ്ണത്തിലെ ഏക എസ് സി ജനറല്‍ വാര്‍ഡാണ്‌ കാരിമുക്ക്.

ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നാല് പേരുടെ പേരുകളാണ് ഉയര്‍ന്ന് വന്നതെങ്കിലും പിന്നീടത് രണ്ടായി ചുരുങ്ങി. വാർഡ് വൈസ്പ്രസിഡന്റായ രാജൻ , ബാബു എന്നിവരെയാണ് പരിഗണിച്ചത്. തര്‍ക്കം രൂപപ്പെട്ടതോടെ മേല്‍ഘടകങ്ങളുടെ നിരീക്ഷണത്തില്‍ നടന്ന യോഗത്തില്‍ വോട്ടെടുപ്പ് നടത്തി. എന്നാൽ സ്ഥാനാർഥി പട്ടിക വന്നപ്പോൾ ഈ രണ്ടുപേരെയും ഒഴിവാക്കി മറ്റൊരാളായി സ്ഥാനാർഥി.

ഇതിൽ പ്രതിഷേധിച്ചാണ് 14 പേരടങ്ങുന്ന സംഘം മലപ്പുറം ഡിസിസി ഓഫീസിൽ കൂട്ടമായെത്തിയത്. ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് പുറത്തേക്കിറങ്ങിയ പ്രസിഡന്റിനെ പ്രതിഷേധക്കാർ തടഞ്ഞു.കാറിൽ കയറവെ കാറിന് മുന്നിൽ കിടന്ന് യാത്ര തടയുകയും ചെയ്തു. കാരിമുക്ക് വാർഡ് ജനറൽ സെക്രട്ടറി മുനീർ കരിമുക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാളെ 50 പ്രവർത്തകർ ഡിസിസി ഓഫിസ് ഉപരോധിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.