Bar Scam

‘ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കുന്നത് നിയമപരമായി നില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ട്’; ഉമ്മന്‍ ചാണ്ടി

ബാര്‍ കോഴക്കേസ് സംസ്ഥാന സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ക്കടത്ത് കേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിന് പുറകെ ഒന്നായി പ്രതിക്കൂട്ടിലേക്ക് കയറുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് ബാര്‍ കോഴക്കേസ് കൊണ്ടുവന്നിരിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അഞ്ചു വര്‍ഷം സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനില്‍പിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തേ കേസ് എടുക്കുമായിരുന്നു.

ഉമ്മന്‍ ചാണ്ടി

ബാര്‍ കോഴക്കേസ് ഇപ്പോള്‍ ഹൈക്കോടതിയുടേയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേയും പരിഗണനയിലാണ്. പുതിയ വെളിപ്പെടുത്തലുകളോ, തെളിവുകളോ ഉണ്ടെങ്കില്‍ മാത്രമേ കോടതിയുടെ അനുമതിയോടെ പുതിയ അന്വേഷണം നടത്താനാകൂ. പക്ഷെ, പഴയ ആരോപണങ്ങള്‍ വീണ്ടും ആരോപിക്കുക മാത്രമാണ് പരാതിക്കാരന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാനാകില്ല. കേസ് അന്വേഷിച്ച് വിചാരണ കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരന്‍ വിചാരണക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ലോകായുക്ത ബാര്‍ കോഴക്കേസ് തള്ളിക്കളഞ്ഞതാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Latest News