അഡ്‌ലൈഡ് ഓവലില്‍ ഓസിസ് ബൗളര്‍മാര്‍ വിയര്‍ക്കും; വെള്ളക്കുപ്പായത്തില്‍ ഇന്ത്യന്‍ നായകന് പ്രിയം ഈ മൈതാനം തന്നെ

ഐപിഎല്‍ പൂരത്തിന് തിരശീല വീണു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇന്ത്യക്ക് മടക്കം. അതും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ഓസ്‌ട്രേലിയയ്ക്ക് എതിരെ. ഒരുപക്ഷേ ഇന്ത്യ-പാക്കിസ്ഥാന്‍ പോലെയോ, ആഷസ് പോലെയോ ആവേശം പകരാന്‍ ശേഷിയുള്ളതുതന്നെയാണ് ഈ പോരാട്ടവും. എന്നാല്‍ താരങ്ങളുടെ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച വിവാദങ്ങള്‍ക്കും ആരാധക പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് മൂന്ന് വീതം ഏകദിനവും ടി-ട്വന്റിയും, നാല് ടെസ്റ്റുകളും ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യ ഓസിസ് മണ്ണില്‍ കാലുകുത്തുന്നത്.

നിര്‍ണായകമായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുമെന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്. ഓസിസിനെതിരെ മികച്ച റെക്കോര്‍ഡുള്ള കോഹ്ലിയുടെ അഭാവം ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. ആദ്യ ടെസ്റ്റ് അരങ്ങേറുന്നത് അഡ്‌ലൈഡ് ഓവലിലാണ്. ആ ക്രീസിലേക്ക് തലയുയര്‍ത്തി തന്നെ് നടക്കാം കോഹ്ലിക്ക്, കാരണം ചരിത്രമതാണ്.

2011-ലാണ് അഡ്‌ലൈഡില്‍ കോഹ്ലി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത് 604 റണ്‍സായിരുന്നു. ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുള്‍ക്കറും രാഹുല്‍ ദ്രാവിഡും, വിവിഎസ് ലക്ഷ്മണനും, വിരേന്ദര്‍ സേവാഗും അടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജപ്പെട്ടപ്പോള്‍ അവശേഷിച്ചത് 23 കാരനായ വിരാട് മാത്രം. അന്ന് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത് 116 റണ്‍സായിരുന്നു. 11 ബൗണ്ടറികളും ഒരു സിക്‌സും. രണ്ടാം ഇന്നിംഗ്‌സില്‍ 22 റണ്‍സിന് പുറത്തായെങ്കിലും റിക്കി പോണ്ടിംഗിന്റേയും മൈക്കിള്‍ ക്ലാര്‍ക്കിന്റേയും ഇരട്ട ശതകങ്ങള്‍ക്കിടയിലും താരത്തിന്റെ സെഞ്ചുറി നേട്ടം പ്രശംസിക്കപ്പെട്ടു.

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിരാട് അഡ്‌ലൈഡില്‍ എത്തുന്നത്. സച്ചിന്‍ പാഡഴിച്ചതിന് ശേഷം നാലാം നമ്പറിലേക്ക് കോഹ്ലി എത്തിയ സമയമാണത്. ക്രിക്കറ്റ് ലോകത്ത് ചുരുങ്ങിയ സമയംകൊണ്ട് വേരുറപ്പിച്ച താരം ഇന്ത്യന്‍ നായകപദവിയിലേക്കും എത്തിയിരുന്നു. 48 റണ്‍സിന് പരാജയപ്പെട്ടെങ്കിലും രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി ആ വലംകയ്യന്‍ ബാറ്റ്‌സ്മാന്‍ അന്ന് തോല്‍വി ഭാരം കുറച്ചു. 115, 141 എന്നിങ്ങനെ ആയിരുന്നു കോഹ്ലിയുടെ സ്‌കോര്‍. പൊരുതി വീണ നായകന്‍ അന്നുമുതല്‍ വിദേശപിച്ചുകളില്‍ ഇന്ത്യയുടെ പ്രതീക്ഷ കൂടിയായി മാറുകയായിരുന്നു.

ഇതുവരെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി അഡ്‌ലൈഡില്‍ നിന്ന് വിരാട് നേടിയത് 431 റണ്‍സാണ്. 71.83 ശരാശരിയില്‍ ബാറ്റ് വീശിയ വിരാടിന് ആ മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും സ്വന്തം പേരിലെഴുതി ചേര്‍ക്കാന്‍ കഴിഞ്ഞു. തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ മൈതനാമായതുകൊണ്ട് തന്നെ അഡ്‌ലൈഡ് ഏറെ പ്രിയപ്പെട്ടതാണെന്ന് കോഹ്ലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ ആത്മവിശ്വാസം ഏറ്റെടുക്കുന്ന ആരാധകരും ഇന്ത്യന്‍ നായകന്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതിക്ഷയിലാണ്.

Latest News