‘ഡോക്ടര്‍ നജ്മ ചെയ്തതിലെ ശരിതെറ്റുകളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല’; ആരോഗ്യമേഖലയാകെ തകര്‍ന്നുവെന്ന പ്രചരണം വേദനിപ്പിച്ചെന്ന് മന്ത്രി കെകെ ശൈലജ

ആരോഗ്യമേഖലയാകെ തകര്‍ന്നുവെന്ന പ്രചാരണം വേദനിപ്പിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപ്പൂര്‍വ്വം ആരോപണമുന്നയിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ വന്‍ശക്തികള്‍പോലും മഹാമാരിയ്ക്കുമുന്നില്‍ മുട്ടുകുത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. എക്കാലവും ലോക്ക്ഡൗണില്‍ത്തന്നെ തുടരാനാകില്ല. ലോക്ക്ഡൗണില്ലാതെത്തന്നെ ആളുകളുടെ ജീവനും ജീവിതവും തമ്മില്‍ ഒരു ബാലന്‍സ് കൊണ്ടുവരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ആരോഗ്യമേഖലയിലെ ചിലരെ ഉപയോഗിച്ച് അപസ്വരമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി മെഡിക്കല്‍ കോളെജിലെ അനാസ്ഥയെക്കുറിച്ച് ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ വിഷയത്തിലെ ശരിതെറ്റുകള്‍ വേര്‍തിരിക്കാന്‍ ഇപ്പോള്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

‘ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഞാനതില്‍ ഒന്നും പറയുന്നില്ല. നേരത്തെ പറഞ്ഞതെല്ലാം തെറ്റിപ്പോയെന്നും മെഡിക്കല്‍ കോളെജ് മോശമല്ലെന്നും പിന്നീട് നജ്മ തന്നെ പറഞ്ഞല്ലോ. നജ്മ ചെയ്തതിന്റെ തെറ്റും ശരിയും ഇപ്പോള്‍ ഞാന്‍ വേര്‍തിരിക്കാന്‍ നില്‍ക്കുന്നില്ല. അതെല്ലാം കാണുന്ന ജനങ്ങള്‍ വിലയിരുത്തിക്കോളും. എല്ലാം ആളുകള്‍ക്ക് മനസിലാകുന്നുണ്ടല്ലോ’. നിങ്ങളെ ഞങ്ങള്‍ കുറ്റവാളികളെപ്പോലെയല്ല കാണുന്നതെന്നും ധൈര്യമായി പണി ചെയ്തുകൊള്ളൂവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയതായും കെകെ ശൈലജ പറഞ്ഞു. എവിടെയെങ്കിലും എന്തെങ്കിലും തകരാര്‍ കണ്ടാല്‍ പിറ്റേന്നുമുതല്‍ അത് പരിഹരിച്ചുപോകാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News