Bar Scam

ബാര്‍കോഴ: ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ നടത്തുന്ന അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടാണ് ഏറ്റവും നിര്‍ണായകമാകുക.

കേസിന്റെ നാള്‍ വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളോ, തെളിവുകളോ ഉണ്ടെങ്കില്‍ മാത്രമേ കോടതിയുടെ അനുമതിയോടെ പുതിയ അന്വേഷണം നടത്താനാകൂ. പക്ഷെ, പഴയ ആരോപണങ്ങള്‍ വീണ്ടും ആരോപിക്കുക മാത്രമാണ് പരാതിക്കാരന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിച്ച് വിചാരണ കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരന്‍ വിചാരണക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ലോകായുക്ത ബാര്‍ കോഴക്കേസ് തള്ളിക്കളഞ്ഞതാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴ ഇടപാടില്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ 25 ലക്ഷവും ബാറുടമകളില്‍ നിന്ന് കൈപ്പറ്റിയെന്നാണ് ബാറുടമകളില്‍ ഒരാളായ ബിജു രമേശ് ആരോപിച്ചത്. കെ എം മാണിക്കെതിരായ കോഴയാരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്‌തെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണം എന്നാണ് വിജിലന്‍സിന്റെ ആവശ്യം. എന്നാല്‍ ജനപ്രതിനിധി ആല്ലാതിരുന്ന ആള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ രാജ്ഭവന് സംശയമുണ്ട്.

രമേശ് ചെന്നിത്തല പണം വാങ്ങിയെന്ന് പറയുന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നില്ല. രാഷ്ട്രിയപ്രേരിത നീക്കമാണ് സര്‍ക്കാരിന്റെത് എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബിജു രമേശ് ഉയര്‍ത്തിയ ആരോപണം വിജിലല്‍സ് മുന്‍പ് അന്വേഷിക്കുകയും അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. രമേശ് ചെന്നിത്തല നല്‍കിയ ഈ കത്തും കൂടി പരിഗണനയിലെടുത്തും നിയമോപദേശം തേടിയുമാണ് സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഗവര്‍ണര്‍ നടപടി എടുക്കുക.

Latest News