ജയിപ്പിക്കാന്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍, തോല്‍പിക്കാന്‍ ജിങ്കന്‍; ആ മൂന്നു പോയിന്റ് ആര്‍ക്കെന്ന് നാളെയറിയാം

പനാജി: നവംബര്‍ 20 ന് കേരള ബ്ലാസ്‌റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മത്സരത്തിലൂടെ ഐഎസ്എല്‍ ഏഴാം സീസണ്‍ കൊടിയേറാനിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനിര വിജയത്തിനായി തയ്യാറെടുത്തു കഴിഞ്ഞു. ഇത്തവണ മൂന്ന് ക്യാപ്റ്റന്‍മാരുമായാണ് ബ്ലാസ്റ്റേഴ്‌സിറങ്ങുന്നത്. സിംബാവെ താരം കോസ്റ്റ നമോയിന്‍സു, സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, ഇന്ത്യന്‍ താരം ജെസ്സല്‍ കാര്‍നെയ്‌റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍മാര്‍.

ഇതില്‍ കോസ്റ്റ നെയ്‌മോസുവാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ക്യാപ്റ്റന്‍. യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നീ ലീഗുകളില്‍ വമ്പന്‍ ടീമുകളെ നയിച്ചിട്ടുള്ള കോസ്റ്റയ്ക്ക് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കപ്പുയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു വര്‍ഷത്തോളമായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള സിഡോന്‍ജെയും യുവതാരങ്ങളുടെ പ്രതിനിധിയായി ജെസ്സലും കോസ്റ്റയ്ക്ക് മികച്ച പിന്തുണ നല്‍കുന്ന സഹക്യാപ്റ്റന്‍മാരായിരിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇത്തവണത്തെ ക്യാപ്റ്റന്‍ ഫോര്‍മുല രൂപപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ആറുവര്‍ഷം കൂടെയുണ്ടായിരുന്ന പ്രതിരോധമല സന്ദേശ് ജിങ്കന്‍ ഈ സീസണില്‍ എതിര്‍ച്ചേരിയിലാണ്. എടികെ മോഹന്‍ ബഗാനായി ഇത്തവണ കളിക്കളത്തിലെത്തുന്ന തന്റെ ലക്ഷ്യം സന്നാഹ മത്സരത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തുകയാണെന്ന് താരം പറഞ്ഞുകഴിഞ്ഞു.

ആ മുന്നു പോയിന്റുകള്‍ക്കായി ആയിരിക്കും കളിക്കളത്തിലിറങ്ങുക. മുന്‍ സീസണുകളില്‍ അത്ര നല്ല റെക്കോര്‍ഡല്ല എടികെയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ളത് എന്നറിയാം. എന്നാല്‍ ചരിത്രങ്ങള്‍ തിരുത്താനുള്ളതാണ്. അതിനാണ് മോഹന്‍ ബഗാനിലേക്കെത്തിയതെന്നും ജിങ്കന്‍ ഖേല്‍ നൗനിനോട് പറഞ്ഞു. ഫൈനല്‍ വരെയെത്തിയിട്ടും പല സീസണിലും ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനായില്ലെന്ന നിരാശയാണ് തന്നെ എടികെയിലെത്തിച്ചതെന്നും താരം പറയുന്നു.

Latest News