കമല്‍ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; യുപിഎയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങുമെന്ന് മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചതിന് പിന്നാലെ നടനെ യുപിഎയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പ്രതികരിച്ചു.

വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല. ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി പറഞ്ഞു.

സഖ്യം, വിവിധ തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ കമല്‍ഹാസനെ മക്കള്‍ നീതി മയ്യം സംസ്ഥാന നിര്‍വാഹ സമിതി ചുമതലപ്പെടുത്തിയിരുന്നു. അതിനാല്‍ യുപിഎയില്‍ ചേരണോ എന്ന് കമല്‍ഹാസന് തീരുമാനിക്കും.

അതേ സമയം കന്യാകുമാരി ലോക്‌സഭ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മക്കള്‍ നീതി മയ്യം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മക്കള്‍ നീതി മയ്യത്തിന് കഴിഞ്ഞിരുന്നു.

Latest News