‘യെന്നും യെല്ലോ’; തീക്കളി മുതല്‍ കൊമ്പന്‍ നിര വരെ ഗാലറിയിലില്ലാത്ത പന്ത്രാണ്ടാമനായി ബ്ലാസ്റ്റേഴ്‌സിന്റെ സംഗീത ആല്‍ബം

ഐഎസ്എല്‍ ഏഴാം സീസണിന്റെ സന്നാഹമത്സരത്തില്‍ ടീമുകളിറങ്ങുമ്പോള്‍ ആര്‍ത്തുവിളിക്കാന്‍ ആരാധകരുണ്ടാകില്ല. ഇന്നെന്നല്ല, കൊവിഡ് പശ്ചാത്തലത്തില്‍ ഈ സീസണിലുടനീളം ആ പിന്തുണയില്ലാതെയായിരിക്കും എല്ലാ ടീമുകളുടെയും കളി മുന്നേറുക. എന്നാല്‍ കേരളബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ആരാധകര്‍ വെറും കാണികളായിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിന്റെ 12ാം അംഗമായി അവര്‍ ആരവമുണ്ടാക്കിയത് കലൂരില്‍ മാത്രവുമായിരുന്നില്ല. ഇത്തവണ അവരില്ലാതെ കളിക്കളത്തിലേക്കിറങ്ങുന്ന ടീമിനോളം നിരാശ വീട്ടില്‍ ടിവി സ്‌ക്രീനില്‍ കളി കാണുന്ന ആരാധകര്‍ക്കുമുണ്ടാകും. അവിടെനിന്നാണ് ‘യെന്നും യെല്ലോ’ എന്ന സംഗീത ആല്‍ബം ഉണ്ടാകുന്നത്.

ലോകമെമ്പാടുമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആറ് ട്രാക്കുകള്‍ അടങ്ങുന്ന സംഗീത ആല്‍ബമാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തീക്കളി മുതല്‍ കൊമ്പന്‍ നിരവരെയുള്ള ആറ് ട്രാക്കുകളും ആരാധകരെക്കുറിച്ചും കേരളത്തെക്കുറിച്ചും ബ്ലാസ്‌റ്റേഴസിനെക്കുറിച്ചുമാണ് പറയുന്നത്. കേരളത്തില്‍ നിന്ന് തന്നെയുള്ള പ്രശ്‌സ്ത സംഗീതജ്ഞര്‍ ഒരുക്കിയിരിക്കുന്ന ആല്‍ബത്തിന്റെ കവര്‍ ആര്‍ട്ട് രൂപകല്‍പ്പനെ ചെയ്തിരിക്കുന്നത് വിഷ്വലിസ്റ്റ് സജു മോഹനനാണ്.

ജോബ് കുര്യന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച് പാടിയ ‘തീക്കളി’യുടെ വരികള്‍ മലയാള ചലചിത്ര ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ്. മനു മഞ്ജിത്തിന്റെ വരികളില്‍ ‘അഗം’ ബാന്റ് ഒരുക്കിയ ‘കാല്‍താളം’, ശബരീഷ് വര്‍മയുടെ വരികളിലൊരുക്കിയ നിരഞ്ജ് സുരേഷിന്റെ ‘വി ആര്‍ കേരളബ്ലാസ്‌റ്റേഴ്‌സ്’, മനു മഞ്ജിത്തിന്റെ വരികളില്‍ നിഖില്‍ തോമസ് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ശബരീഷ് വര്‍മ ആലപിച്ച ‘വാ വരിക വാ’, സജു ശ്രീനിവാസിന്റെ ‘ശക്തി’, ആര്‍സീയുടെ ‘കൊമ്പന്‍ നിര’ എന്നിവയാണ് ആറ് ഗാനങ്ങള്‍. ആല്‍ബത്തിന്റെ അവതരണത്തോട ആരാധകര്‍ക്കായി ഒരു സംഗീത ആല്‍ബം അവതരിപ്പിക്കുന്ന ആദ്യ ഐഎസ്എല്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാറി.

Latest News