ഐഎസ്എല്‍ 20-21; എഴാം സീസണിലെ മലയാളികള്‍ ഇവര്‍

ഐഎസ്എല്‍ ഏഴാം സീസണിന്റെ ആദ്യവിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെ കാല്‍പന്ത് ഉത്സവത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എഴാം സീസണിലെത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഫുട്ബാള്‍ ആരാധകര്‍ കാത്തിരിക്കുന്നത് കേരളബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തിനുവേണ്ടി മാത്രമല്ല.

ആഭ്യന്തര ഫുട്‌ബോളിലൂടെ വളര്‍ന്നുവന്ന മലയാളി താരങ്ങള്‍ ഐഎസ്എല്ലില്‍ പല ക്ലബുകള്‍ക്കായിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഭാവി ഫുട്‌ബോള്‍ സ്വപ്‌നങ്ങളിലെ ആ മലയാളി സാന്നിധ്യങ്ങള്‍ കളിക്കളത്തില്‍ എങ്ങനെ മിന്നുന്നു എന്നു കൂടി കണ്ടറിയേണ്ടതുണ്ട്. ലോകത്തിലെ തന്നെ മികച്ച ക്ലബുകളുടെ ഭാഗമായിരുന്നവരും വമ്പന്‍ ലീഗുകളില്‍ കളിച്ചിട്ടുള്ളവരുമായ വിദേശതാരങ്ങള്‍ക്കെതിരെയും ഒപ്പവും കളിക്കിറങ്ങുന്ന നമ്മുടെ മലയാളി താരങ്ങള്‍ ഏത് ടീമിന് വേണ്ടി ഗോളടിച്ചാലും അതില്‍ അഭിമാനിക്കാതിരിക്കാനാവില്ല.

പുതിയ സീസണില്‍ എല്ലാ ടീമുകളിലുമായുള്ളത് ആകെ പതിനഞ്ച് മലയാളി താരങ്ങളാണ്. അതില്‍ ഏറ്റവും കൂടുതല്‍ പേരും സ്വാഭാവികമായും ബ്ലാസ്റ്റേഴ്‌സിലും. കഴിഞ്ഞ സീസണില്‍ കേരളത്തിനൊപ്പമുണ്ടായിരുന്ന മധ്യനിരതാരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ പി, പ്രശാന്ത്, അര്‍ജുന്‍ ജയരാജ്, പ്രതിരോധനിരതാരം അബ്ദുള്‍ ഹക്കു എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളികള്‍. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്നിട്ടും പരിക്ക് മൂലം മത്സരങ്ങള്‍ നഷ്ടമായ അര്‍ജുന്‍ ജയരാജിന് ഈ സീസണ്‍ തന്റെ സീനിയര്‍ അരങ്ങേറ്റം കൂടിയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പരിചയസമ്പത്തിനാല്‍ സമ്പന്നമായ ഇത്തവണത്തെ ടീം അര്‍ജുന്‍ ജയരാജ് അടക്കമുള്ള മലയാളി യുവതാരങ്ങള്‍ക്ക് മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ ചെറുതല്ല.

മറ്റ് ക്ലബുകളിലായുള്ള പത്ത് മലയാളികളില്‍ മൂന്നുപേര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലും മൂന്നുപേര്‍ ബെംഗളുരു എഫ്‌സിയിലും മുന്നുപേര്‍ ഈസ്റ്റ് ബംഗാളിലുമാണുള്ളത്‌. നോര്‍ത്ത് ഈസ്റ്റ് നിരയില്‍ മോഹന്‍ ബഗാനില്‍ നിന്ന് എത്തിയ വി പി സുഹൈര്‍, ഇന്ത്യന്‍ നേവി താരമായിരുന്ന ബ്രിട്ടോ, ചെന്നൈ സിറ്റി വിട്ട് വന്ന മഷൂര്‍ ഷരീഫ് എന്നിവരാണ് ഉള്ളത്. ആദ്യമായി ഐഎസ്എല്ലില്‍ കളിക്കിറങ്ങുന്നവരാണ് മൂവരും. ബെംഗളൂരു എഫ്‌സിയില്‍ ആഷിഖ് കുരുണിയന്‍, ലിയോണ അഗസ്റ്റിന്‍ എന്നിവര്‍ക്ക് ഒപ്പം യുവ ഗോള്‍കീപ്പര്‍ ഷാരോണും സ്‌ക്വാഡിലുണ്ട്. ഗോള്‍ കീപ്പര്‍ മിര്‍ഷാദ്, മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സി കെ വിനീത്, മുന്‍ ഗോകുലം കേരള താരം ഇര്‍ഷാദ് എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി കളിക്കുന്നത്. ജംഷദ്പൂര്‍ എഫ്‌സിയിലെ
മലയാളിതാരം കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പറായിരുന്നു ടി പി രെഹ്നേഷാണ്.

അതേസമയം, മോഹന്‍ ബഗാനിന്റെ ഭാഗമായി ജോബി ജസ്റ്റിന്‍ ടീമിലുണ്ടെങ്കിലും പരിക്ക് മൂലം താരത്തിന് സ്‌ക്വാഡില്‍ ഇടംപിടിക്കാനായിട്ടില്ല. ഐഎസ്എല്ലിലെ സ്ഥിരസാന്നിദ്ധ്യങ്ങളായിരുന്ന മുഹമ്മദ് റാഫി, എം പി സക്കീര്‍, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവരൊന്നും ഇത്തവണത്തെ സീസണിലുണ്ടാകില്ല.

Latest News