മികച്ച തുടക്കം, പിന്നീട് മായുന്ന മികവ്; സഞ്ജു സ്ഥിരതയുടെ ട്രാക്കിലേക്ക് മാറേണ്ട സമയമായി

കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളിലായി സഞ്ജു സാംസണ്‍ എന്ന മലയാളി താരം ഇതിഹാസങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചയാകുന്നത് പതിവാണ്. എന്നാല്‍ അത് സീസണിന്റെ തുടക്കത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായി പിന്നീട് മാറാറുമുണ്ട്. ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുന്നു എന്നതാണ് താരത്തിന്റെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്.

ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 74 റണ്‍സ്. അതും കേവലം 32 പന്തുകളില്‍ നിന്ന്. പിന്നാലെ വലം കൈയ്യന്‍ ബാറ്റ്സ്മാനെ പുകഴ്ത്തി മുന്‍താരങ്ങളും എത്തി. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരം എന്നായിരുന്നു ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്.

തൊട്ടടുത്ത മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 42 പന്തില്‍ 85 റണ്‍സ്. 224 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായി 25 കാരന്റെ പ്രകടനം. പന്തും പിച്ചും ഒരുപോലെ മനസിലാക്കിയും ക്ളാസിക്ക് ഷോട്ടുകളും ഉള്‍പ്പെട്ട മികവാര്‍ന്ന ഇന്നിംഗ്സ്.

പക്ഷേ പിന്നീട് സ്ഥിരതയില്ലായ്മയില്‍ സ്ഥിരത കാണിച്ച സഞ്ജു അടുത്ത നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും 17 റണ്‍സ് മാത്രം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി സണ്‍റൈസേര്‍സ് ഹൈദരബാദിനെതിരെ 26ഉം, ഡെല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 25ഉം റണ്‍സ് വീതം നേടിയ രാജസ്ഥാന്‍ താരത്തിന് കിട്ടിയ തുടക്കം മുതലാക്കാനുമായില്ല.

ലോകോത്തര താരങ്ങളെ പോലെ മൈതാനത്തിന്റെ ഏത് കോണിലേക്കും അനായാസം സിക്സറുകള്‍ പായിക്കാന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ തനിക്കാവുമെന്ന് എത്രയോ തവണ സഞ്ജു തെളിയിച്ച് കഴിഞ്ഞു. ഇതേ സഞ്ജുവിന് കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം വില്ലാനായത് ഷോട്ട് സെലക്ഷനിലെ അപാകതകള്‍ ആണെന്നെതും വാസ്തവം. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവസോരിചതമായി തന്റെ ശൈലി മാറ്റാനും, ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നത് വരെ ക്രീസില്‍ നില്‍ക്കാനുമുള്ള ക്ഷമ സഞ്ജു പുറത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

നിലവില്‍ ബാറ്റ്സ്മാനായി മാത്രം രാജസ്ഥാന് വേണ്ടി കളിക്കുന്ന മലയാളി താരത്തിന് വിക്കറ്റ് കീപ്പര്‍ എന്ന ആനൂകൂല്യം ലഭിക്കുമൊ എന്നതും സംശയമാണ്. ഋഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, പൃഥ്വി ഷാ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ നീളുന്ന യുവനിര അസാധ്യ പ്രകടനമാണ് ടൂര്‍ണമെന്റിന്റെ ആദ്യപകുതിയില്‍ കാഴ്ച വെച്ചിരിക്കുന്നത്. പ്രതിഭകള്‍ ഏറുമ്പോള്‍ മത്സരവും കഠിനമാകുമല്ലോ. കാത്തിരിക്കാം സഞ്ജു തന്റെ കരിയര്‍ എങ്ങനെ രേഖപ്പെടുത്തുമെന്ന്.

Latest News