IPL 2020

തന്റെ നേർക്ക് വന്ന കൈകളെ തന്നെ വാനിലുയർത്തി തനിക്കായി ജയ് വിളിപ്പിച്ചവൻ; രാഹുൽ തെവാട്ടിയ

തകർത്തടിച്ച് സ്റ്റീവ്സ്മിത്തും സഞ്ജു സാംസണും രാജസ്ഥാൻ ഇന്നിംഗ്സിനെ അതിവേഗം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. ഇരുവരും കിംഗ്സ് XI പഞ്ചാബിന്റെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അർധശതകം തികച്ച് സ്മിത്ത് നിഷമിന്റെ പന്തിൽ മുഹമ്മദ് ഷമിക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് റോബിൻ ഉത്തപ്പയെ ആയിരുന്നു. എന്നാൽ താരതമ്യേനെ വാലറ്റക്കാരനായ രാഹുൽ തെവാട്ടിയയായിരുന്നു ക്രീസിലെത്തിയത്. തെവാട്ടിയ ആകട്ടെ ഒരോവറിൽ 19 റൺസും വഴങ്ങിയിരുന്നു.

പെട്ടെന്ന് കുറച്ച് റൺസ് നേടാനായി ഇറക്കിയ തെവാട്ടിയ ശരിക്കും രാജസ്ഥാനെയും ആരാധകരെയും വട്ടം കറക്കി. ശരിയായി പന്ത് കണക്ട് ‌ചെയ്യാനാകാതെ വിയർത്തു. മറുതലയ്ക്കൽ സഞ്ജു സാംസണാകട്ടെ വെടിക്കെട്ട്‌ ബാറ്റിംഗ് തുടർന്നത് കൊണ്ട് രാജസ്ഥാനെ അത് കാര്യമായി ബാധിച്ചില്ല. 223 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനായി 20 പന്തുകൾ നേരിട്ട തെവാട്ടിയ നേടിയത് 13 റൺസുകൾ, അതും നിർണ്ണായക സമയത്ത്. പതിനേഴാം ഓവറിൽ സഞ്ജു ലഭിച്ച സിംഗിൽ റൺപോലും നോടാതെ സ്ട്രെക്ക് നിലനിർത്തി സഞ്ജു പുറത്താകുമ്പോൾ 23 പന്തുകളിൽ 64 റൺസ് വേണമായിരുന്നു രാജസ്ഥാൻ റോയൽസിന്. തെവാട്ടിയയെ പഴിച്ചും ട്രോളിയും ആരാധകരുൾപ്പടെ പോസ്റ്റുകളിട്ടു.

രാഹുൽ തെവാട്ടിയ

എഴുതി തള്ളിയവരെ 6 പന്തുകൾക്കിടയിൽ തെവാട്ടിയ നിശബ്ദ്നാക്കി. ഷെൽട്ടൻ കോട്രൽ എറിഞ്ഞ പതിനേഴാം ഓവറിൽ 6 പന്തുകളിൽ 5 സിക്സറുകൾ. ഗ്രൗണ്ടിന്റെ പല ഭാഗത്തേക്കും മികച്ച ടൈമിങ്ങോടെ കൃത്യമായ ഷോട്ടുകളിലൂടെ 5 സിക്സുകൾ. പന്തിനൊപ്പം വിമർശനങ്ങളും അതിർത്തി കടന്നു. 20 പന്തിൽ 13 റൺസിൽ നിന്നും 30 പന്തിൽ 53 ലേക്ക്. അഥവാ 10 പന്തിൽ 40 റൺസ്. 400 സ്ട്രൈക്ക് റേറ്റ്!!! തെവാട്ടിയ പുറത്താകുമ്പോൾ രാജസ്ഥാൻ വിജയം ഉറപ്പിച്ചിരുന്നു. യുവാരാജ് സിംഗ് ഉൾപ്പടെയുള്ളവർ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തി.

ക്രിക്കറ്റായാലും ജീവിതമായാലും ഇങ്ങനെയാണ്. പരിഹാസം, പുച്ഛം, തോൽവികൾ, നിരാശ എല്ലാം മറികടക്കാൻ ഒരു നിമിഷം മതി. കോട്രൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്ത് പോലെ. ആ നിമിഷം വരും, ഉറപ്പായും.

ഹിറ്റ് വിക്കറ്റായോ പരിക്ക് പറ്റിയോ തെവാട്ടിയ ഒന്ന് പുറത്തായാൽ മതി എന്നാഗ്രഹിച്ച ആരാധകർക്ക് അദ്ദേഹമിന്ന് ഹീറോയാണ്.

Latest News