അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനും കമലാ ഹാരിസിനും വേണ്ടി ‘പണിയെടുത്തത്’ ബോളിവുഡ് ഗാനങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും ക്യാംപെയ്നില്‍ സ്വാധീനം ചെലുത്തി ബോളിവുഡ് ഗാനങ്ങളും. സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കനായ വ്യവസായി അജയ് ജെയ്ന്‍ ബുട്ടോറിയയാണ് വ്യത്യസ്തമായ ക്യാംപെയ്ന് തുടക്കം കുറിച്ചത്. ബോളിവുഡിലെ ഹിറ്റ് ഗാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ക്യാംപെയ്ന്‍ രീതിക്കാണ് അജയ് തുടക്കം കുറിച്ചത്. ഇവയില്‍ ചിലത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഇന്ത്യന്‍ വംശജരായ വോട്ടര്‍മാര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഹിന്ദിയിലുള്ള ഈ പാട്ടുകള്‍ സാധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി.

‘ ഇന്ത്യന്‍-അമേരിക്കന്‍ ജനത വോട്ട് ചെയ്യാറില്ലെന്ന് പലരും പരാതികള്‍ ഉന്നയിച്ചിരുന്നു. ഞാന്‍ അങ്ങോട്ട് ഒരു ചോദ്യം ഉന്നയിക്കാന്‍ ആഗ്രഹിക്കുകയാണ്. ആരെങ്കിലും അവരുടെ മാതൃഭാഷയില്‍ സംവദിക്കാന്‍ തയ്യാറായിട്ടുണ്ടോ ക്യാംപെയ്നുമായി എത്തുന്നവര്‍ അവരുടെ ഭാഷയിലാണ്(ഇംഗ്ലീഷ്) സംസാരിക്കുന്നത്. അവയ്ക്ക് ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കണമെന്നില്ല.’ അജയ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജോ ബൈഡനും കമലാ ഹാരിസിനും അനുകൂലമായ ഹിന്ദി ഭാഷയിലുള്ള മുദ്രാവാക്യങ്ങള്‍ ബോളിവുഡ് സംഗീതത്തിന്റെ സഹായത്തോടെ അജയ് നിര്‍മ്മിക്കുകയായിരുന്നു. ഡൊണാള്‍ഡ് ട്രംപിനെതിരായ മുദ്രാവാക്യങ്ങളും അദ്ദേഹം നിര്‍മ്മിച്ച ക്യാംപെയ്നുകളിലുണ്ട്. ഭക്ഷണം, സംസ്‌കാരം, ഭാഷ, സംഗീതം തുടങ്ങിയവയുമായി മനുഷ്യര്‍ക്കുള്ള സ്വാധീനം ഏറെ വലുതാണെന്നും അജയ് വ്യക്തമാക്കി.

Latest News