സംഗീത നാടക അക്കാദമിക്ക് പുറത്ത് 18 ദിവസമായി സമരം നടത്തുന്നവരെ സര്‍ക്കാര്‍ കാണുന്നില്ലെ എന്ന് ഹരീഷ് പേരടി; അക്കാദമി സെക്രട്ടറിയെ മാറ്റാത്തതെന്തെന്ന് സന്തോഷ് കീഴാറ്റൂര്‍

തൃശ്ശൂരില്‍ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ 18 ദിവസങ്ങളായി നാടക പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് ചലച്ചിത്ര നാടക പ്രവര്‍ത്തകരായ ഹരീഷ് പേരടിയും സന്തോഷ് കീഴാറ്റൂരും. ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയ സര്‍ക്കാരിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്തതെന്നും സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാരിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ എന്നും ഹരീഷ് പേരടി ചോദിച്ചു.

അക്കാദമിക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോയെന്നും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ നീതിലഭിക്കുമെന്നുമാണ് സന്തോഷ് കീഴാറ്റൂര്‍ സാംസ്‌കാരിക മന്ത്രിയോട് ചോദിക്കുന്നത്.

ഇലക്ഷന്‍ സമയത്ത് തെരുവില്‍ നാടകം കളിക്കാന്‍ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ സര്‍ക്കാരിനെ ഇതില്‍ ഇടാപെടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നുംഹരിഷ് തന്റെ പോസ്റ്റില്‍ കുറിച്ചു. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഉണ്ടാക്കാന്‍ കാരണക്കാരായ ഒരു നാടക പാരമ്പര്യത്തിന്റെ ഇങ്ങേതലക്കുള്ള കുട്ടികളാണ് കഴിഞ്ഞ 18 ദിവസമായി മഴയും വെയിലും കൊണ്ട് സംഗീത നാടക അക്കാദമിക്കു മുന്നില്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നത്. മാറാത്ത ഏക കാര്യം മാറ്റം മാത്രമേയുള്ളൂ എന്ന ഉത്തമ ബോദ്ധ്യത്തോടെ ഹരീഷ് പേരടി എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയാന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് സന്തോഷ് കീഴാറ്റൂര്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങള്‍ നാടകക്കാര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സര്‍ഗ്ഗാത്മകമായ രീതിയില്‍ സമരം ചെയ്യുകയാണ്. ഈ ദുരിതകാലത്ത് നാടകപ്രവര്‍ത്തകര്‍ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുര്‍ഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നഅദ്ദേഹം ചൂണ്ടിക്കാട്ടി.

നവോത്ഥാന കേരളം പടുത്തുയര്‍ത്താന്‍ കേരളത്തിലെ നാടകങ്ങളും, നാടകപ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ് പാട്ടബാക്കി, നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, അടുക്കളയില്‍നിന്ന്അരങ്ങത്തേക്ക്, നമ്മളൊന്ന്, കൂട്ടുകൃഷി, ജ്‌നല്ലമനുശ്യനാവാന്‍നോക്ക്, ഋതുമതി, മാറ്റത്തിന്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകള്‍ എഴുതി തീര്‍ക്കാന്‍ എന്റെ മൊബൈലിലെ ജിബി മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതെ ഞങ്ങളെ ചേര്‍ത്ത് പിടിക്കൂ. തെരുവില്‍ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവര്‍ത്തകര്‍ക്ക് ഒരു പനി വന്നാല്‍ കുടുംബം പട്ടിണിയാവുമെന്ന്‌ സന്തോഷ് പറഞ്ഞു
മണിമാളികകളോ, ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാര്‍. നേരിന്റെ പക്ഷത്ത് നില്‍ക്കുന്നവരാണ് സ്‌നേഹത്തിന്റെ പാട്ട് പാടുന്നവരാണ് വിപ്ലവത്തിന്റെ വിത്ത് വിതക്കുന്നവരാണ് ഞങ്ങളുടെ സമരം വാര്‍ത്താമാധ്യമങ്ങള്‍ പ്രൈംടൈം ചര്‍ച്ച ചെയ്യില്ല എന്നറിയാമെന്നും. പത്രതാളുകളില്‍ വാര്‍ത്തയും ആകില്ലെന്ന് പറഞ്ഞ സന്തോഷ്, എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും തന്റെ പോസ്റ്റില്‍ കുറിച്ചു.

Latest News