‘ഇവരുടെ മൗനം കണ്ടു പഠിക്കേണ്ടതാണ്, ആരാധന ദിവസവും കൂടി കൂടി വരുന്നു’; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ ഹരീഷ് പേരടി

താര താര സംഘടനയായ അമ്മയില്‍ ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും വിഷയത്തോട് പ്രതികരിക്കാത്ത സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് ആരാധനകൂടുന്നു എന്ന് പരിഹസിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്. ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം, അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണെന്ന്‌ ഹരിഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നെന്നും എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നുവെന്നും ഹരീഷ് പറഞ്ഞു. പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റുമെന്ന വിമര്‍ശനവും ഹരീഷ് തന്റെ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ സംസാരിക്കവെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവെള ബാബു അക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. വിഷയത്തില്‍ പാര്‍വതിക്ക് പിന്‍തുണയുമായി ഹരിഷ് പേരടിയും രംഗത്തെത്തിയിരുന്നു.

‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു. നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ. അഭിവാദ്യങ്ങള്‍. മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു. തെറ്റുകള്‍ ആര്‍ക്കും പറ്റാം. ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്. എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത ഹരീഷ് പേരടി’, എന്നായിരുന്നു പാര്‍വതിക്ക് പിന്‍തുണ അറിയിച്ച്കൊണ്ടുള്ള ഹരീഷ് പേരടിയുടെ പ്രതികരണം.

Latest News