Covid 19 Kerala

‘കൊവിഡ് ടെസ്റ്റ് പകുതിയാക്കി’; രോഗികളുടെ എണ്ണം കുറച്ചുകാണിച്ച് സര്‍ക്കാര്‍ നേട്ടമായി ചിത്രീകരിക്കാന്‍ ഗൂഢനീക്കമെന്ന് മുല്ലപ്പള്ളി

കൊവിഡ് രോഗികളുടെ എണ്ണം കുറവാണെന്ന് ചിത്രീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധനകള്‍ വെട്ടിക്കുറച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. പ്രതിദിനം 150 ടെസ്റ്റുകള്‍ വരെ നടത്തിയിരുന്ന സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന പകുതിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ദിവസം 70000 പരിശോധന നടന്നിരുന്നത് ഇപ്പോള്‍ 50000മായി. കോവിഡ് ആന്റിജന്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ അനൗദ്യോഗിക നീക്കം നടക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ നാലു ദിവസങ്ങളില്‍ പതിനായിരം മുതല്‍ 15000 വരെ ആന്റിജന്‍ ടെസ്റ്റ് കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി രോഗികളുടെ എണ്ണം കുറയുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഇത് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍

ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐഎംഎയും ആരോഗ്യവിദഗ്ദ്ധരും ആവശ്യപ്പെടുമ്പോള്‍ അതിന് കടകവിരുദ്ധമായ സമീപനമാണ് സക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ജനങ്ങളുടെ ജീവന്‍വച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി. ദുരന്തമുഖത്ത് സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പൂര്‍ണ്ണമായും താളം തെറ്റിയതിനെ തുടര്‍ന്നാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. സര്‍ക്കാരിന് ഇപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിലല്ല താല്‍പ്പര്യമെന്നും കെസിപിസി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

17.31 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. പരിശോധിക്കപ്പെടുന്ന 100 പേരില്‍ 17-18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Latest News