ശബ്ദസന്ദേശം പ്രചരിച്ചതില്‍ സ്വപ്‌ന സുരേഷിനെ ഇന്ന് ചോദ്യം ചെയ്യും; ജയിലിലെത്തി മൊഴിയെടുക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വുപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. ക്രൈബ്രാഞ്ച് സംഘം സ്വപ്‌ന സുരേഷിന്റെ മൊഴിയെടുത്തേക്കും. അട്ടക്കുളങ്ങര ജയിലില്‍ എത്തിയാണ് മൊഴിയെടുക്കുക. ക്രൈബ്രാഞ്ച് ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമേനോനാണ് അന്വേഷണ ചുമതല.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ശിവശങ്കറുമായി ചേര്‍ന്ന് മുഖ്യമന്ത്രിയ്ക്കുവേണ്ടി പണമിടപാടുകള്‍ നടത്തിയെന്ന് മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്ന് ശബ്ദ സന്ദേശത്തില്‍ സ്വപ്ന സുരേഷ് പറയുന്നു. കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്നു പറഞ്ഞാണ് ഇഡി സമ്മര്‍ദം ചെലുത്തുന്നതെന്നും സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിലുണ്ട്.

കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ മൊഴി വായിക്കാന്‍ നല്‍കിയില്ലെന്നും അതില്‍ ഒപ്പിടാന്‍ പറയുകയായിരുന്നു എന്നും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. ഇത്തരത്തില്‍ ഒരു മൊഴി താന്‍ ഒരിക്കലും നല്‍കില്ലെന്നും ഇതേ ആവശ്യമുന്നയിച്ച് വീണ്ടും അന്വേഷണസംഘം ജയിലില്‍ എത്തുമെന്നും സ്വപ്ന സുരേഷ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡുള്ള ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.

Latest News