Gold smuggling case

‘സ്വര്‍ണം മുതല്‍ ഡോളര്‍ വരെ’; നാലര വര്‍ഷം കൊണ്ട് ഇത്രയേ സാധിച്ചുള്ളുവെന്ന് വിഡി സതീശന്‍

സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. മയക്കുമരുന്ന് ഇടപാട്, ലൈഫ്മിഷന്‍ കോഴ, സ്പ്രിംഗ്‌ളര്‍ ഡാറ്റാ തട്ടിപ്പ്, ബെവ്‌കോ ആപ്പ്, ബ്രൂവറി – ഡിസ്റ്റിലറി കച്ചവടം, ട്രാന്‍സ്ഗ്രീഡ് അഴിമതി, കണ്‍സള്‍ട്ടന്‍സി നിയമനം, പിന്‍വാതില്‍ ബന്ധു നിയമനം, മാര്‍ക്ക് ദാനം.. അവസാനം ഇപ്പോള്‍ ഡോളര്‍ കടത്തും! നാലര വര്‍ഷം കൊണ്ട് ഇത്ര മാത്രമേ സാധിച്ചുള്ളൂയെന്നും പറവൂര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സ്ഥലപരിമിതിമൂലം വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന പരിഹാസവും കോണ്‍ഗ്രസ് നേതാവ് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള നീക്കമാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയത്. കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ ഒരുമ്പെട്ടത് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണെന്നാണ് സൂചനകള്‍. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ അനുമാനം. ശിവശങ്കറിനെതിരെ വിരല്‍ ചൂണ്ടുന്ന മൊഴികളും കസ്റ്റംസ് ശേഖരിച്ചിരുന്നു. കേസില്‍ ശിവശങ്കര്‍ തിങ്കളാള്ച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കും. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായെങ്കിലും നട്ടെല്ലിലെ ഡിസ്‌കിന് തകരാറുള്ള ശിവശങ്കര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.

Latest News