അസുലഭ കാഴ്ചയും അസാധാരണ സുഗന്ധവുമായി കോതമംഗലത്ത് ലക്കി ബാംബൂ പൂവിട്ടു. അപൂര്‍വ്വാനുഭവം നുകരാന്‍ വിഎം പീറ്ററിന്റെ വീട്ടില്‍ ജനത്തിരക്ക്

കോതമംഗലം: മനോഹരമായ കാഴ്ചയും അസാധാരണ സുഗന്ധവുമായി ലക്കി ബാംബു പൂവിട്ടു. അഭിഭാഷകനായ വിഎം പീറ്ററിന്റെ കോതമംഗലത്തെ വീട്ടിലാണ് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള ലക്കി ബാംബൂവിന്റെ പൂവിടല്‍. കര്‍ഷക കുടുബത്തില്‍ ജനിച്ചതിനാല്‍ കൃഷിയോടുള്ള താല്‍പര്യം വക്കീല്‍ ജോലിയിലും കൂടെയുണ്ട്. നഗരത്തിലുള്ള വീടിനോട് ചേര്‍ന്ന് ഭൂമിയുടെ കുറവ് കൊണ്ട് കൃഷി സാധ്യമാകാത്തതിനാലാണ് 50 ചട്ടികളിലായി ലക്കി ബാംബൂ നട്ടു സംരക്ഷിക്കാന്‍ തയ്യാറായത്.

25 വര്‍ഷമായി കോതമംഗലം, എറണാകുളം, മൂവാററുപുഴ കോടതികളിലാണ് ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. അതിനാല്‍ ജോലിയുടെ സൗകര്യത്തിനായി കോതമംഗലം നഗരത്തിലാണ് 5 വര്‍ഷമായി താമസം. എന്നാല്‍ കോതമംഗലം നഗരത്തില്‍ നിന്നും 10 കീലോമീറ്റര്‍ അകലെ സ്വന്തമായി കൃഷി നടത്തുവാന്‍ ഭൂമിയും വീടും ഇദ്ദേഹത്തിന് ഉണ്ട്. അത് കൊണ്ട് തന്നെ അത്യാവശ്യം കൃഷിയും, ഒഴിവുസമയങ്ങളില്‍ നട്ടുവളര്‍ത്തുന്നവയുടെ സംരക്ഷണവും പരിപാലനവും നല്ല രീതിയില്‍ നടത്താറും ഉണ്ട്.

ഇത്തരത്തില്‍ 5 വര്‍ഷമായി സംരക്ഷിക്കുന്ന ലക്കി ബാംബൂവാണ് ഒരാഴ്ച മുന്‍പ് അസാധാരണമായി പൂവിട്ടത്. രാത്രി ഏഴ് മണിയോടെ അസാധാരണ സുഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് ലക്കി ബാംബൂവിന്റെ പൂക്കളുടെ സുഗന്ധമാണ് ഇതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്. സാധാരണയായി ലക്കി ബാംബൂ നട്ടു സംരക്ഷിക്കുന്നവര്‍ ഇടക്ക് മുറിച്ച്, ഉയരം കൂടാതെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇദ്ദേഹം നട്ട് സംരക്ഷിക്കുന്ന ചെടികള്‍ ഇട്ക്ക് മുറിച്ച് കളയാതെ വളരാന്‍ അനുവദിക്കുകയായിരുന്നു. അതാണോ ബാംബൂ പൂവിടാന്‍ കാരണമെന്ന് സംശയിക്കുന്നു.

സാധാരണ രീതിയില്‍ ലക്കി ബാംബൂ പൂവിടാറില്ലാത്തതിനാല്‍ അഭിഭാഷകന്റെ വീട്ടില്‍ പൂവിട്ട ബാംബൂ കാണുവാന്‍ അഭിഭാഷകരുടെയും നാട്ടുകാരുടെയും തിരക്കാണ്. വൈകിട്ട് ആറുമണിക്കും ഏഴു മണിക്കും ഇടയിലാണ് ഇതിന്റെ പൂക്കള്‍ അപൂര്‍വ്വ സുഗന്ധം പരത്തി വിരിയുന്നത്. അതുകൊണ്ട് തന്നെ ഇത് കാണുവാന്‍ ഏറെ പേരെത്തുന്നതും രാത്രിയിലാണ്. അപൂര്‍വ്വമായി പൂവിടുന്നതും അസാധാരണ സുഗന്ധവും നല്‍കുന്ന ലക്കി ബാംബൂ വീടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ നട്ടു സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് അഭിഭാഷകനായ വിഎം പീറ്റര്‍.

Latest News