പാലാരിവട്ടം അഴിമതിക്കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്യും

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസുള്‍പ്പടെയുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് ഇഡിയൊരുങ്ങുന്നത്. മുന്‍പ് ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും ഇനി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ അപേക്ഷ ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് പ്രഥമിക ചോദ്യം ചെയ്യല്‍ മാത്രമേ നടന്നുളളു. തന്റെ സ്വത്ത് സംബന്ധിച്ചുളള വിവരങ്ങള്‍ ഇബ്രാഹിംകുഞ്ഞ് ഇഡിക്ക് കൈമാറിയിട്ടുണ്ട്. ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച 10 കോടി രൂപയുടെ സ്രോതസിനെ കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുക.

പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് പത്തുകോടി തട്ടിയെന്നും ഇത് മുസ്ലീം ലീഗിന്റെ ഉടമസ്ഥയിലുള്ള ദിന പത്രത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും കള്ളപണം വെളുപ്പിക്കാനുള്ള നീക്കമായിരുന്നുഇതുമെന്നുമാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള കേസ്. കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയിന്മേലായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം ആരഭിച്ചിരുന്നത്.

വിജിലന്‍സിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സും ഇഡിയും അന്വേഷണം ആരംഭിച്ചത്.

2016 നവംബര്‍ 15നാണ് വികെ ഇബ്രാഹിംകുഞ്ഞ് ഡയറക്ടറായുരുന്ന കോഴിക്കോടുള്ള മാധ്യമ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തി എന്ന പരാതി ഉയര്‍ന്നത്. പിഎ അബ്ദുള്‍ സമീര്‍ എന്നയാളാണ് മാധ്യമസ്ഥാപനത്തിന്റെ പണം അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

Latest News