‘സൗദി- ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കണം’; ചര്‍ച്ചകള്‍ ശക്തമാക്കി ഇന്ത്യന്‍ എംബസി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി- ഇന്ത്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ശക്തമാക്കി ഇന്ത്യന്‍ എംബസികള്‍. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ബന്ധപ്പെട്ട് എംബസി നടത്തിയ ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നുമാണ് എംബസിയുടെ ഭാഗത്ത് നിന്നുള്ള വിലയിരുത്തല്‍.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇത് പ്രവാസികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി ചര്‍ച്ചകള്‍ നടത്തി വരുകയാണെന്ന് ഇന്ത്യന്‍ അംബാസഡറും വ്യക്തമാക്കിയിരുന്നു.

റിയാദിലെ ഇന്ത്യന്‍ എംബസിയിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷന്‍ ഓഫ് ജനറല്‍ അതോറിറ്റി ചര്‍ച്ചകള്‍ പുരോഗമിച്ച് വരുകയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം തീരുമാനം എടുക്കുമെന്നും മന്ത്രാലയവുമായും എംബസി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ വേണ്ടുന്ന നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി.

Latest News