മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അന്തരിച്ചു

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.38നായിരുന്നു അന്ത്യം. പതിമൂന്ന് വര്‍ഷമായിമാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായിരുന്ന ഇദ്ദേഹംആഗോള സഭ ഐക്യ പ്രസ്ഥാനങ്ങളിലെ രാജ്യത്തിന്റെ ശബ്ദമായിരുന്നു.

1931 ജൂണ്‍ 27നാണ് ജനനം. പി ടി ജോസഫെന്നായിരുന്നു ആദ്യ കാല പേര്. 1957ലാണ് വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. 1975 ഫെബ്രുവരിയിലാണ്‌ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായത്‌.

പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മെത്രാപ്പൊലീത്ത ദിവസങ്ങളായി തിരുവല്ല ബിലീവേഴസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.

2007 ഒക്ടോബര്‍ 2ന് ആണ് ഡോ ജോസഫ് മാര്‍ ഐറേനിയസ് മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായി ഇദ്ദേഹം സ്ഥാനാരോഹിതനാകുന്നത്. ക്രൈസ്തവ സഭാ നേതാക്കളില്‍ മുഖ്യസ്ഥാനീയനായിരുന്ന ജോസഫ് മെത്രാപ്പൊലീത്ത സാമൂഹിക തിന്മകള്‍ക്കെതിരായും ജീവകാരുണ്യ മേഖലയിലും ഉറച്ച ശബ്ദമായിരുന്നു. സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് മുന്‍കയ്യെടുത്ത മെത്രാപ്പൊലീത്ത രോഗികള്‍, അശരണര്‍, ദരിദ്രര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവരുടെ ഉന്നമനത്തിന് വേണ്ടിയും അക്ഷീണം പ്രവര്‍ത്തിച്ചു.

Latest News