വിജയ് എതിര്‍ത്തു, വിജയ് മക്കള്‍ ഇയക്കത്തില്‍നിന്നും പിന്മാറി ചന്ദ്രശേഖര്‍; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

വിജയിയുടെ ഫാന്‍സ് ക്ലബ് രാഷ്ട്രീയ പാര്‍ട്ടിയാക്കാനുളള തീരുമാനത്തില്‍ നിന്നും നിര്‍മ്മാതാവും നടന്‍ വിജയിയുടെ പിതാവുമായ എസ് ചന്ദ്രശേഖര്‍ പിന്മാറി. പാര്‍ട്ടി തുടങ്ങുവാനുളള തീരുമാനം പിന്‍വലിക്കുന്നത് അറിയിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം കത്തയച്ചു. വിഷയത്തില്‍ വിജയ് ഉന്നയിച്ച എതിര്‍പ്പ് മൂലമാണ് തീരുമാനം പിന്‍വലിച്ചത്.

കഴിഞ്ഞ മാസമായിരുന്നു ‘വിജയ് മക്കള്‍ ഇയക്കം’ രാഷ്ട്രീയ പാര്‍ട്ടിയാക്കുവാനുളള തീരുമാനം ചന്ദ്രശേഖര്‍ അറിയിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. തൊട്ടുപിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരുവിധ ബന്ധമില്ലെന്ന പ്രതികരണവുമായി വിജയ് രംഗത്ത് വന്നു . വിജയിയുടെ അമ്മയും വിജയിയെ പിന്‍തുണച്ചെത്തിയതോടെ വിവാദം കടുത്തു.

‘വിജയിയോട് ചോദിച്ചിട്ടില്ല ഞാന്‍ ഈ തീരുമാനം എടുത്തത്. അവന്റെ ഉയര്‍ച്ച മാത്രമാണ് എന്റെ ലക്ഷ്യം. അവന്റെ നന്മയ്ക്കായിട്ടാണ് ഇതെല്ലാം ചെയ്തത്.’ ചന്ദ്രശേഖറിന്റെ പ്രതികരണം ഇങ്ങനെ.

പുതിയ വിവാദങ്ങളില്‍ ആരാധകര്‍ അതൃപ്തരാണ്. ഒരു തരത്തിലുമുളള രാഷ്ട്രീയ പാര്‍ട്ടികളുമായി യോജിച്ചു പോകണ്ടെന്ന തീരുമാനത്തിലാണ് ആരാധകര്‍. പാര്‍ട്ടി തുടങ്ങുവാനുളള തീരുമാനം പിന്‍വലിക്കുന്നതിനെക്കുറിച്ചുളള ചന്ദ്രശേഖറിന്റെ കൂടുതല്‍ പ്രതികരണം ലഭ്യമല്ല.

Latest News