സംരക്ഷിത വന പ്രദേശം കൈയ്യേറിയെന്ന് പരാതി; ദൃശ്യം 2 അണിയറ പ്രവര്‍ത്തകരോട് 25000 രൂപ കെട്ടിവെക്കാന്‍ നിര്‍ദേശം

ഇടുക്കി: പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയെന്ന് സെറ്റ് നിര്‍മ്മിച്ചുവെന്ന് ദൃശ്യം 2 സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. ഇടുക്കി തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയിലെ സംരക്ഷിത വന പ്രദേശം കൈയ്യേറിയെന്നാണ് പരാതി.

പഞ്ചായത്താണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടു. 25000 രൂപ കെട്ടിവെയ്ക്കണമെന്ന് കളക്ടര്‍ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ദൃശ്യം ഒന്നാം ഭാഗത്തിലെ പൊലീസ് സ്റ്റേഷന്‍ സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിര്‍മ്മിച്ചത്. ഈ ഭാഗത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ടിട്ടുണ്ട്. ഇവിടെയാണ് സെറ്റിട്ടത്.

ഇതിനെ തുടര്‍ന്ന് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകരെത്തി സെറ്റ് നിര്‍മ്മാണം തടഞ്ഞു. പദ്ധതി പ്രദേശമാണെന്ന് അറിയാതെയാണ് സെറ്റിട്ടതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.

മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് ചിത്രീകരണാനുമതി വാങ്ങിയിരുന്നു. മരത്തൈകള്‍ നശിപ്പിക്കാതെ ചിത്രീകരണം നല്‍കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Latest News