football

‘ഇസ്ലാമോഫോബിയ വളരുന്നത് ഔര്‍ഭാഗ്യകരം’; കാരുണ്യം കൊണ്ടാണ് നേരിടേണ്ടതെന്ന് ഓസില്‍

യൂറോപ്പില്‍ ഇസ്ലാമോഫോബിയയും മുസ്ലീം വിരുദ്ധതയും വളര്‍ന്നുവരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്ലീം വരുദ്ധത വളര്‍ന്നുവരുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഓസില്‍ ചൂണ്ടിക്കാട്ടി. ആഴ്‌സണല്‍ ജേഴ്‌സിയില്‍ താന്‍ മൈതാനത്ത് പ്രാര്‍ത്ഥിക്കുന്ന ചിത്രവും ഖുര്‍ ആന്‍ വചനവും പ്രശസ്ത അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ ട്വീറ്റ് ചെയ്തു.

ഇസ്ലാമോഫോബിയയോടും മുസ്ലീം വിരുദ്ധതയോടും നമ്മള്‍ പ്രതികരിക്കേണ്ടത് അവ ശക്തിപ്പെടുത്തുന്ന വിധത്തിലായിരിക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരുണ്യം കൊണ്ട് അതിനെ നിരായുധമാക്കുകയും നിശ്ശബ്ദമാക്കുകയുമാണ് വേണ്ടത്.

മെസ്യൂട്ട് ഓസില്‍

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധുവാകുന്നു.” എന്ന ഖുര്‍ആന്‍ വചനമാണ് ഓസില്‍ തന്റെ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലോകകപ്പ് ജേതാവായ ഓസില്‍ 2018ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് രാജിവെച്ചത്. 2010 ലോകകപ്പിലും 2012 യൂറോകപ്പിലും ഏറ്റവും അസിസ്റ്റുകള്‍ നല്‍കിയ കളിക്കാരനായ ഓസില്‍ ജര്‍മന്‍ ജേഴ്‌സി അഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ക്ലബ്ബ്-അന്താരാഷ്ട്ര തലങ്ങളില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ജര്‍മന്‍ താരമെന്ന റെക്കോഡ് ഓസിലിനുണ്ട്. അഞ്ച് തവണയാണ് ഓസില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നോട് വിവേചനം കാണിക്കുകയാണെന്നും അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലോകകപ്പ് ജേതാവിന്റെ രാജി. ആഴ്‌സണല്‍ ക്ലബ്ബ് തന്നെ അവഗണിക്കുകയാണെന്ന് പരാതിപ്പെട്ട് 32കാരന്‍ ഈയിടെ നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

Latest News