Malayalam Film Industry

‘പുരസ്‌കാര വേളയിലെ സ്തുതിഗീതം പോരാ’; ഇച്ഛാശക്തിയുണ്ടെങ്കില്‍ സാംസ്‌കാരിക വകുപ്പ് ഈ കാര്യങ്ങള്‍ നടപ്പാക്കണം

ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് സാംസ്‌കാരിക വകുപ്പിനോടുള്ള ഒരു അപേക്ഷ ആണ് .. ഇച്ഛാശക്തി ഉണ്ടെങ്കില്‍ നടപ്പാക്കാവുന്ന കാര്യങ്ങളെ ഉള്ളൂ.

സ്വതന്ത്ര, കലാമൂല്യ സിനിമകള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ലഭിക്കാത്ത ഒരു സംസ്ഥാനം ആണ് കേരളം. ഒരു കാലത്തും കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള എന്തെങ്കിലും ക്രിയാത്മക ഇടപെടലുകള്‍ ഒരു സര്‍ക്കാരും ഇവിടെ നടത്തിയിട്ടില്ല. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ഒരു സ്തുതി ഗീതം . അന്താരാഷ്ട്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെടുമ്പോഴും പുരസ്‌കാരം ലഭിക്കുമ്പോഴും ഒരു വരി അഭിനന്ദനം, കുറച്ചു വാര്‍ത്താ പ്രാധാന്യം.

ഇതിനപ്പുറം കലാമൂല്യ സിനിമകള്‍ നിര്‍മിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും സഹായകമായ രീതിയില്‍ യാതൊരു വിധ സര്‍ക്കാര്‍ ഇടപെടലുകളും ഇവിടെ കാലങ്ങളായി ഉണ്ടായിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. മറ്റു നിരവധി സംസ്ഥാനങ്ങള്‍ അവരുടെ ഭാഷയിലെ കലാമൂല്യ സ്വതന്ത്ര സിനിമകളെ നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമ്പോള്‍ കേരളത്തില്‍ അത്തരത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല എന്നത് ഏറെ ദുഖകരം ആണ് . ഇവിടെ നിര്‍മാതാക്കളും സംവിധായകരും അവരുടെ ഇച്ഛാശക്തി കൊണ്ട് എല്ലാ തടസ്സങ്ങളും മറികടന്ന് കലാമൂല്യ സിനിമകള്‍ ഉണ്ടാക്കി അവ ഇന്ത്യയ്ക്കകത്തോ വിദേശത്തോ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മാത്രം അഭിനന്ദനവുമായി എത്തുകയും അതിനു മുന്‍പും പിന്‍പും അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ യാതൊരു സഹായവും ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ രീതി. ഈ രീതി മാറേണ്ടതില്ലേ…

കേരളാ സര്‍ക്കാര്‍ നിലവില്‍ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ താഴെ പറയുന്നവ ആണ്

1 . വര്‍ഷാ വര്‍ഷം ഒരു സ്റ്റേറ്റ് അവാര്‍ഡ് നല്‍കുക. അത് നല്‍കുന്നത് വലിയ താര മാമാങ്കം ആക്കി സൂപ്പര്‍ താരങ്ങളെ ഒക്കെ വരുത്തി ആഘോഷ ചടങ്ങാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഒരു പ്രധാന കാര്യപരിപാടി. പക്ഷെ ഈ പുരസ്‌കാരം കിട്ടിയ പല സിനിമകള്‍ക്കും കേരളത്തില്‍ ഒരു തിയറ്ററിലെങ്കിലും സിനിമ റിലീസ് ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതേ വരെ ശ്രമിച്ചിട്ടുമില്ല. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കിട്ടിയ സിനിമകള്‍ ഒരു തിയറ്ററില്‍ പോലും റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല , പൊതു ജനങ്ങള്‍ക്ക് കാണാന്‍ ലഭ്യമായിട്ടില്ല എന്നത് തന്നെ കലാമൂല്യ സിനിമകള്‍ക്ക് അനുകൂലമായ ഒരു സാംസ്‌കാരിക സാഹചര്യം കേരളത്തില്‍ ഇല്ല എന്നതിന്റെ തെളിവാണ്. ഒരു കോടിയിലധികം രൂപ മുടക്കി സ്റ്റേറ്റ് അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി താര മാമാങ്കവും , മിമിക്രിയും ഒക്കെ നടത്തുന്ന രീതി ഒഴിവാക്കി ദേശീയ പുരസ്‌കാരം നല്‍കുന്നത് പോലെ തികച്ചും ഔദ്യോഗികമായ ഒരു ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുകയും സ്റ്റേജ് ഷോയ്ക്ക് ചിലവഴിക്കുന്ന തുക ഉപയോഗിച്ച് പുരസ്‌കാരം കിട്ടിയ സിനിമകള്‍ കുറച്ചു തിയറ്ററുകളില്‍ എങ്കിലും റിലീസ് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയും അല്ലേ വേണ്ടത്. സര്‍ക്കാര്‍ അത്തരത്തില്‍ ക്രിയാത്മകമായി മാറി ചിന്തിക്കേണ്ടതല്ലേ. താര ഷോ നടത്തി അവാര്‍ഡ് നല്‍കാന്‍ ഈ നാട്ടില്‍ ഇഷ്ടം പോലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ ഉണ്ടല്ലോ. സര്‍ക്കാര്‍ ആ മാതൃക അല്ലല്ലോ പിന്തുടരേണ്ടത്.

2 . സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു പ്രധാന പ്രവര്‍ത്തനം എല്ലാ വര്‍ഷവും നടത്തുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ആണ്. കലാമൂല്യ സിനിമകള്‍ക്കും , പരീക്ഷണ സിനിമകള്‍ക്കും , രാഷ്ട്രീയ സിനിമകള്‍ക്കും കൂടുതലായി ഇടം കൊടുക്കേണ്ട ഐ എഫ് എഫ് കെ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി അത്തരം സിനിമകളെ പുറന്തള്ളുകയും പകരം കൂടുതല്‍ മുഖ്യധാരാ,ജനപ്രിയ സിനിമകള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്ന രീതിയാണ് അനുവര്‍ത്തിച്ചു പോരുന്നത്. ചലച്ചിത്രമേളയുടെ കാഴ്ചപ്പാടിനെ തന്നെ അട്ടിമറിക്കുന്ന രീതിയാണ് ഇത്. ഇത് മാറേണ്ടതുണ്ട്. ലോകത്തെ പ്രശസ്തമായ മേളകളിലെ പോലെ ഐഎഫ്എഫ്‌കെയിലും മലയാള, ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് കേരളാ പ്രീമിയര്‍ ആയി വേണം എന്ന ഫിലിം മേക്കേഴ്സിന്റെ ആവശ്യം അക്കാദമി ഇതേവരെ നടപ്പാക്കിയിട്ടില്ല. ഫിലിം മാര്‍ക്കറ്റ് ആരംഭിക്കണം എന്നതിനോടും അക്കാദമി നിഷേധ സമീപനം ആണ് പുലര്‍ത്തുന്നത്. ഞാന്‍ കൂടി ഉള്‍പ്പെട്ട ഐഎഫ്എഫ്‌കെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ കമ്മിറ്റി നല്‍കിയ നിയമാവലി പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ ഈ നിര്‍ദ്ദേശം മാത്രം രണ്ടു വര്‍ഷമായി അക്കാദമി നടപ്പാക്കാതെ അട്ടിമറിച്ചിരിക്കുക ആണ്.

3 . സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റൊരു കാര്യം ചിത്രാഞ്ജലി പാക്കേജില്‍ ചെയ്യുന്ന സിനിമകള്‍ക്ക് 5 ലക്ഷം രൂപ സബ്സിഡി നല്‍കുന്നു എന്നതാണ്. നിലവില്‍ ചിത്രാഞ്ജലി സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സിനിമകള്‍ക്കും ഈ സബ്സിഡി തുക കിട്ടും. കലാമൂല്യം ഉണ്ടോ ഇല്ലയോ എന്നതല്ല മാനദണ്ഡം. അശ്ലീല സിനിമ ആണെങ്കിലും അന്യ ഭാഷാ സിനിമ ആണെങ്കിലും ചിത്രാഞ്ജലി സൗകര്യം ഉപയോഗിച്ചാല്‍ എല്ലാത്തരം സിനിമകള്‍ക്കും 5 ലക്ഷം രൂപ സബ്സിഡി കിട്ടും. ഈ രീതി മാറേണ്ടതുണ്ട് . മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കലാമൂല്യ സിനിമകള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി നടപ്പാക്കാതെ വെച്ചിരിക്കുക ആണ്.

മേല്‍ സൂചിപ്പിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍ സാംസ്‌കാരിക വകുപ്പും , ചലച്ചിത്ര അക്കാദമിയും , കെ എസ് എഫ് ഡി സി യും ഈ അവസാന ലാപ്പില്‍ എങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം.

1 . ഒട്ടേറെ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കല്‍ യാതൊരു നടപടികളും സ്വീകരിക്കാതെ ഇരിപ്പുണ്ട് അവയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുക
അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് – സമര്‍പ്പിച്ചിട്ട് നിരവധി വര്‍ഷങ്ങള്‍ ആയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല

ഫിലിം സബ്സിഡി കമ്മിറ്റി റിപ്പോര്‍ട്ട് – ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍ കരുണ്‍ , ബി അജിത് കുമാര്‍ , കെഎസ്എഫ്ഡിസി എംഡി എന്നിവരോടൊപ്പം ഞാന്‍ കൂടി അംഗമായ സബ്സിഡി കമ്മിറ്റി 2018 ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ചിത്രാഞ്ജലി പാക്കേജില്‍ ചെയ്യുന്ന സിനിമകളുടെ നിലവാരവും കലാമൂല്യവും വിലയിരുത്തിയ ശേഷം അര്‍ഹമായ സിനിമകള്‍ക്ക് മാത്രം സബ്സിഡി നല്‍കുക. സബ്സിഡി തുക 15 ലക്ഷം ആയി വര്‍ധിപ്പിക്കുക. ഒപ്പം പ്രധാനപ്പെട്ട അന്തര്‍ദേശീയ ചലച്ചിത്ര മേളകള്‍, ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളിലെ പ്രധാന അവാര്‍ഡുകള്‍, ഇന്ത്യന്‍ പനോരമ എന്‍ട്രി തുടങ്ങിയ നേട്ടങ്ങള്‍ ലഭിക്കുന്ന മലയാള സിനിമകള്‍ക്ക് ചിത്രാഞ്ജലി പാക്കേജ് ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ടത് ആണെങ്കിലും അല്ലെങ്കിലും ബഹുമതികളുടെ പ്രാധാന്യം അനുസരിച്ചു എ ,ബി കാറ്റഗറികളിലായി തരം തിരിച്ചു യഥാക്രമം 5 ലക്ഷം 3 ലക്ഷം രൂപ വീതം സബ്സിഡി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആയിരുന്നു ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. രണ്ടു വര്‍ഷം കഴിയുമ്പോഴും ഈ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു പുരോഗതിയും ഇല്ല.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് – റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇതേവരെ യാതൊരു നടപടികളും ഇല്ല.

ഐ എഫ് എഫ് കെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ കമ്മിറ്റി – ഈ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലെ മത്സര വിഭാഗത്തിലും മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കേരളത്തിലെ ആദ്യ പ്രദര്‍ശനം ആയിരിക്കണം എന്ന ഒരു നിര്‍ദേശം മാത്രം നടപ്പാക്കാതെ മാറ്റി വെച്ചിട്ടുണ്ട്. അത് ഉടന്‍ നടപ്പിലാക്കുക.

ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് – എല്ലാ ചലച്ചിത്ര മേളയുടെയും ഉദ്ഘാടനത്തിന് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ഉടന്‍ പണിയും എന്ന പ്രഖ്യാപനം ഒരു സ്ഥിരം ഔപചാരികത ആയി തുടര്‍ന്നു എന്നതല്ലാതെ ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം ഇതേ വരെയും ആരംഭിച്ചിട്ടില്ല. ഇതിലേതെങ്കിലും ഒക്കെ കാര്യങ്ങളില്‍ സജീവമായ ഇടപെടലും പ്രവര്‍ത്തനവും സാംസ്‌കാരിക വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.