റിയാദില്‍ മലയാളി നഴ്‌സിന്റെ മരണം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം, ആശുപത്രിക്കെതിരെ ആരോപണം

റിയാദില്‍ മരിച്ച മലയാളി നഴ്‌സ് സൗമ്യയുടെ മരണത്തില്‍ ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി കുടുംബം. റിയാദ് അല്‍ജസീറ ആശുപത്രിയലെ നഴ്‌സായ സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്നും ആശുപത്രി അധികൃതര്‍ മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സൗമ്യയുടെ ഭര്‍ത്താവ് മനോരമ ന്യൂസിനോടു നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ആശുപത്രിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സൗമ്യ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് എംബസിക്കും റിയാദ് തൊഴില്‍ വകുപ്പിനും പരാതി നല്‍കിയിരുന്നു. അതിനു ശേഷം ആശുപത്രിയില്‍ നിന്നും അവഗണനകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നാണ് ഭര്‍ത്താവ് നോബിള്‍ പറയുന്നത്. പ്രശ്‌നങ്ങളെ തുടര്‍ സൗമ്യ നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച്ചയാണ് സൗമ്യ ആശുപത്രി ഹോസ്റ്റലില്‍ തുങ്ങിമരിച്ചെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ സൗമ്യ ഭര്‍ത്താവുമായി സംസാരിച്ചിരുന്നുവെന്നും ആശുപത്രി ജീവനക്കാരും ഹോസ്റ്റല്‍ സെക്ക്യൂരിറ്റിയും സൗമ്യയോടും മര്യാതയില്ലാതെ പെരുമാറിയതിന് ഭര്‍ത്താവ് സാക്ഷിയാണെന്നുമാണ് റിപ്പോര്‍ട്ട്. താന്‍ മരിച്ചാല്‍ അതിനുത്തരവാദി ആശുപത്രി മാനേജ്‌മെന്റും ഡോക്ടര്‍മാരുമായിരിക്കുമെന്നാണ് സൗമ്യ ചൊവ്വാഴ്ച്ച എംബസിക്കയച്ച ഇ-മെയിലില്‍ പറയുന്നത്. മരണത്തില്‍ അന്വേഷണം നടത്താനും മൃതദേഹം നാട്ടിലെത്തിക്കാനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാഹായം തേടിയിരിക്കുകയാണ് കുടുംബം.

Latest News