കടല്‍ സമരവുമായി ബിന്ദു കൃഷ്ണ; ‘മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു’

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മത്സ്യ തൊഴിലാളി ഓര്‍ഡിനന്‍സ് ബില്ലിനെതിരെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ കടല്‍ സമരം. സെക്രട്ടറിയേറ്റിന് മുന്നില്‍ ഓര്‍ഡിനന്‍സ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണയും നടത്തുകയും ചെയ്തിരുന്നു. അതൊന്നും ഫലം കാണാതായപ്പോഴാണ് ഓര്‍ഡിനന്‍സിനെതിരെ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ച് ബിന്ദുകൃഷ്ണ കടല്‍സമരത്തിന് ഇറങ്ങിയത്. കൊല്ലം തങ്കശേരി ഹാര്‍ബറില്‍ നിന്ന് ഫൈബര്‍ വള്ളങ്ങളുടെ അകമ്പപടിയോടെ നേരെ കടലിലേക്ക് പോയി ഓര്‍ഡിനന്‍സ് ബില്ല് കടലില്‍ ഒഴുക്കിയായിരുന്നു സമരം.

യാതൊരു തത്വദീക്ഷയില്ലാത്തതും മനുഷ്യത്തമില്ലാത്തതുമായ രീതിയിലാണ് ഓര്‍ഡിനന്‍സ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. മത്സ്യതൊഴിലാളികളുടെ തുച്ഛമായ വരുമാനത്തിന്റെ അഞ്ച് ശതമാനം വേണമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. നിലവില്‍ തന്നെ മത്സ്യതൊഴിലാളികളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം മത്സ്യതൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്ക് നല്‍കണമെന്നാണ് നിയമം, ഇതിന് പുറമെയാണ് സര്‍ക്കാരിന്റെ കൊള്ള

ബിന്ദു കൃഷ്ണ

മത്സ്യത്തൊഴിലാളി പിടിച്ചുകൊണ്ടു വരുന്ന മീന്‍ ലേലം ചെയ്തു വില്‍ക്കുമ്പോള്‍ ലേലത്തുകയുടെ അഞ്ച് ശതമാനത്തില്‍ കവിയാത്ത തുക സര്‍ക്കാരിന് കമ്മിഷന്‍ നല്‍കണമെന്നത് അടക്കമുള്ള ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളെ എതിര്‍ത്താണ് സമരം. എന്നാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ മീനിന് അര്‍ഹമായ വില ഉറപ്പുവരുത്താനാണ് നിയന്ത്രണങ്ങള്‍ എന്നാണു സര്‍ക്കാര്‍ വിശദീകരണം.

ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ക്കൂടിയല്ലാതെ മത്സ്യം ലേലം ചെയ്യാന്‍ കഴിയില്ലെന്ന വ്യവസ്ഥയ്‌ക്കെതിരെയും എതിര്‍പ്പുകളുയരുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അവരുടെ തുറകളില്‍ വള്ളങ്ങള്‍ അടുപ്പിച്ചു മീന്‍ വില്‍ക്കുന്ന പതിവ് തീരദേശ ജില്ലകളിലുണ്ട്. പുതിയ വ്യവസ്ഥ അതിനു തടയിടുമെന്നതാണ് എതിര്‍പ്പിന് കാരണം.

Latest News