ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറുടെ മകൾക്ക് ഇഷ്ടം ഈ ഇന്ത്യൻ ബാറ്റ്സ്മാനെ

നാലുവയസ്സുകാരിയായ ഇൻഡി റേയുടെ പ്രിയ താരം ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലി. ഈ കൊച്ചുമിടുക്കി ഓസ്‌ട്രേലിയൻ അന്തർദേശീയ ക്രിക്കറ്റർ ഡേവിഡ് വാർണറുടെ മകളാണ് എന്നറിയുമ്പോഴാണ് കളി കാര്യമാകുന്നത്. കോഹ്‌ലിയുടെ വലിയ ആരാധികയാണ് നാലുവയസ്സുകാരിയായ മകളെന്ന് വാർണറുടെ ഭാര്യ കാൻഡിസ് അടുത്തിടെയാണ് ഒരു റേഡിയോ ചാറ്റ് ഷോയിൽ വെളിപ്പെടുത്തിയത് .

സ്വദേശി ഇതിഹാസ ക്രിക്കറ്റർമാരായ റിക്കി പോണ്ടിങ് ,ആദം ഗിൽ ക്രൈസ്റ്റ് തുടങ്ങിയവരെ തഴഞാണ് വിരാട് കോഹ്‌ലി ഇൻഡി റേയുടെ ഇഷ്ടപ്പെട്ട കളിക്കാരൻ ആയി മാറിയത്. ഐവി-മേ (6), ഇൻഡി-റേ (4), ഇസ്ലാ റോസ് (1) എന്നീ മൂന്ന് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്.

ട്രിപ്പിൾ എം സിഡ്നി റേഡിയോ സ്റ്റേഷന്റെ ചാറ്റ് ഷോയിലാണ് കാൻഡിസ് കുടുംബ വിശേഷങ്ങൾ പങ്കു വെച്ചത് . “ഞങ്ങൾ വീട്ടുമുറ്റത്തു അൽപ്പനേരം ക്രിക്കറ്റ് കളിക്കാറുണ്ട്. കുട്ടികൾക്ക് ചിലപ്പോൾ അച്ഛനാകണം, ചിലപ്പോൾ അവർക്ക് ഫിഞ്ചി (ആരോൺ ഫിഞ്ച്) ആകണം, പക്ഷേ എന്റെ ഇൻഡി അവൾ അല്പം വിപ്ലവകാരിയാണ്. അവൾക്ക് വിരാട് കോഹ്‌ലിയാകാനാണ് ആഗ്രഹം. ഞാൻ തമാശ പറഞ്ഞതല്ല, അവളുടെ പ്രിയപ്പെട്ട കളിക്കാരൻ വിരാട് കോഹ്‌ലിയാണ്.”

ഡാഡി ഡേവിഡിനൊപ്പം വീട്ടിൽ കളിക്കുമ്പോഴുള്ള പെൺമക്കളുടെ മത്സര മനോഭാവത്തെക്കുറിച്ചും കാൻഡിസ് സംസാരിച്ചു. വാര്‍ണറിന്റെ ബൗണ്‍സറുകളോടും സ്പിന്‍ പന്തുകളോടും മക്കള്‍ അനിഷ്ടം പ്രകടിപ്പിക്കാറുണ്ടെന്നാണ് കാന്‍ഡിസ് പറയുന്നത്. ഓസ്‌ട്രേലിയയില്‍ അടുത്തുതന്നെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ കുടുംബത്തേയും അനുവദിച്ചാല്‍ കുട്ടികള്‍ക്ക് കോലിയെ അടുത്തുകാണാം.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബര്‍ 27നുള്ള ഏകദിന പരമ്പരയോടെ ആരംഭിക്കും. ഓസ്‌ട്രേലിയക്കെതിരെയുള്ള ഒരു കളിയിൽ കോഹ്‌ലിയും പങ്കെടുക്കുന്നുണ്ട്. ഐപിഎല്ലിനുശേഷം നേരിട്ട് ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ കളിക്കാര്‍ മികച്ച പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലാണ്. അതേസമയം, കഴിഞ്ഞ പരമ്പരയിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയ.

Latest News