റൊണാള്‍ഡോ പോര്‍ച്ചുഗല്‍ വിട്ടു; കൊവിഡ് ചികിത്സ ഇറ്റലിയില്‍; പറന്നത് സ്വന്തം ആംബുലന്‍സ് ജെറ്റില്‍

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിച്ച പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലിയിലേക് മടങ്ങി. തിങ്കളാഴ്ച പോര്‍ച്ചുഗല്‍ ടീം അംഗങ്ങളില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ 3താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഹോട്ടലില്‍ സെല്‍ഫ് ക്വാറന്റൈനില്‍ ആവുകയായിരുന്നു. ഇതിനിടയിലാണ് താരം പ്രത്യേക മെഡിക്കല്‍ ആംബുലന്‍സ് വിമാനത്തില്‍ ഇറ്റലിയിലേക്ക് മടങ്ങിയത്.

പോര്‍ച്ചുഗലില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് റൊണാള്‍ഡോ ഇറ്റലിയിലേക്ക് മടങ്ങിയത്. ഇറ്റലിയിലെ ട്യൂറിനിലെ വസതിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്വാറന്റൈനില്‍ തുടരാനാണ് റൊണാള്‍ഡോയുടെ തീരുമാനം. കൂടാതെ ജുവന്റസിന്റെ പ്രത്യക വൈദ്യസംഘവും റൊണാള്‍ഡോയുടെ ആരോഗ്യ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

34കാരനായ റൊണാള്‍ഡോയുടെ ആരോഗ്യസ്ഥിതി തികച്ചും തൃപ്തികരമാണെന്നും, ഒരുവിധ രോഗലക്ഷണങ്ങളും അദ്ദേഹത്തിന് ഇല്ലെന്നും ജുവെന്റസ് സംഘം അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ തിരിച്ചുവരുമെന്നും മെഡിക്കല്‍ സംഘം കൂട്ടിച്ചേര്‍ത്തു. യുവേഫ നേഷന്‍സ് ലീഗിലെ ഇനിയുള്ള 3 മത്സരങ്ങളും, ജുവന്റസിന് വേണ്ടിയുള്ള മത്സരങ്ങളും റൊണാള്‍ഡോക്ക് നഷ്ടമാകും.

Latest News