Swapna Voice Clip Row

ശബ്ദരേഖ ചോര്‍ച്ച; പരിശോധിക്കാന്‍ പ്രത്യേക സംഘമെന്ന് ഡിജിപി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബ്ദരേഖ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ശബ്ദരേഖ സംബന്ധിച്ച് ഇഡിയ്ക്ക് മറുപടി നല്‍കാന്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ശബ്ദത്തിന്റെ ഉറവിടം ഉള്‍പ്പെടെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണത്തിനായി ഇഡിയുടെ കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജയില്‍ സൂപ്രണ്ട് ഋഷിരാജ് സിംഗിന് ഇഢി കത്ത് നല്‍കിയത്. ശബ്ദരേഖയെ കുറിച്ച് അന്വേഷണം വേണ്ടന്ന നിലപാടിലായിരുന്നു പൊലീസ്. സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്ന ശബ്ദരേഖ സ്വപ്‌നയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലന്ന് ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രചരിച്ച ശബ്ദ സന്ദേശം തന്റെത് തന്നെയാണെന്ന് പൂര്‍ണമായും സ്വപ്‌ന സമ്മതിച്ചിട്ടില്ല. ഡിഐജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉളളത്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശബ്ദത്തിന്റെ ആധികാരികത കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായം ജയില്‍ വകുപ്പ് തേടിയിരുന്നു. ശബ്ദം റെക്കോര്‍ഡ് ചെയ്തത് എപ്പോഴാണെന്നോ എവിടെ നിന്നാണെന്നോ ഓര്‍മ്മയില്ലെന്നാണ് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞത്. നേരത്തെ സ്വപ്ന എറണാകുളത്തെ ജയിലിലായിരുന്നു. കൊഫെ പോസെ ചുമത്തിയതിന് ശേഷമാണ് അട്ടക്കുളങ്ങര വനിത ജയിലിലേക്ക് സ്വപ്നയെ മാറ്റിയത്. അതുകൊണ്ടുതന്നെയാണ് എവിടെ നിന്നാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News