Local Body Election

വിമത സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയെടുത്തു; മലയാള മനോരമയുടെ ഫോട്ടോഗ്രാഫര്‍ക്ക് സിപിഐഎമ്മിന്റെ വധഭീഷണി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐഎം വിമതന്റെ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫര്‍ക്ക് നേരെ വധഭീഷണിയുമായി സിപിഐഎം. കോഴിക്കോട് കോര്‍പറേഷനിലെ വിമത സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം പകര്‍ത്തിയ മലയാള മനോരമ പത്രത്തിന്റെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫോട്ടോയെടുക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ തന്റെ കയ്യില്‍നിന്നും ക്യാമറ പിടിച്ചുവാങ്ങിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സജീഷ് പരാതില്‍ വ്യക്തമാക്കിയിട്ടുള്ളത്. താന്‍ എടുത്ത ചിത്രങ്ങള്‍ ക്യാമറയില്‍നിന്നും അവര്‍ നീക്കം ചെയ്‌തെന്നും സജീഷ് പറഞ്ഞു.

കോര്‍പറേഷന്‍ 35ാം ഡിവിഷനില്‍ സിപിഐഎം കൗണ്‍സിലറായിരുന്ന പിപി ഷഹീദയാണ് വിമത സ്ഥാനാര്‍ത്ഥി. 35ാം ഡിവിഷനായ ആഴ്ചവട്ടം സീറ്റ് എല്‍ഡിഎഫ് മുന്നണിയിലേക്ക് തിരിച്ചെത്തിയ എല്‍ജെഡിക്ക് നല്‍കിയതില്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഷഹീദ വിമത നീക്കം നടത്തിയത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫീസ് ഹാളില്‍ സ്ഥാനാര്‍ത്ഥികളെ നിരീക്ഷിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഷഹീദ പത്രിക നല്‍കുന്നതിന്റെ ഫോട്ടെയെടുത്ത സജീഷിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്.

Latest News