മയക്കുമരുന്ന് കേസ്; ഭാര്‍തി സിംഗും ഭര്‍ത്താവ് ഹര്‍ഷും അറസ്റ്റില്‍

ബോളിവുഡ് റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ ഹാസ്യതാരം ഭാര്‍തി സിംഗിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയെയും മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ആന്റി ഡ്രഗ് ഏജന്‍സി സംഘം 86.5 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍സിബി ഭാരതിയെയും ഭര്‍ത്താവ് ഹാര്‍ഷിനെയും ചോദ്യം ചെയ്യാനായി മുംബൈയിലെ ഓഫിസിലേക്ക് കൊണ്ടുപോയി.

15 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം ഭാര്‍തിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.ഞായറാഴ്ച രാവിലെയാണ് ഭര്‍ത്താവ് ഹര്‍ഷിനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. ഭാര്‍തി സിംഗും ഭര്‍ത്താവ് ഹര്‍ഷ് ലിംബച്ചിയയും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സമ്മതിച്ചെന്നാണ് എന്‍സിബി പറയുന്നത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് ഭാര്‍തിടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചെറിയ അളവിലുളള മയക്കുമരുന്നാണ് ഇരുവരുടെയും വീട്ടില്‍ നിന്ന് പിടിച്ചെടുത്തതെങ്കിലും 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത ഒരാളെ ചോദ്യം ചെയ്ത് വരികെയാണ് ഭാര്‍തിയുടെ പേര് വെളിപ്പെടുന്നത്. പിടിഐയോടുളള പ്രതികരണത്തിലാണ് എന്‍സിബി ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമെ മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും അന്വേഷണം നടത്തും എന്ന് അന്വേഷണ സംഘം പറഞ്ഞു.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം ചലച്ചിത്ര മേഖലയില്‍ നടന്നിരുന്ന മയക്കുമരുന്ന് ഇടപാടുകള്‍ അന്വേഷിച്ച് വരികെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.സൂശാന്തിന്റെ സുഹൃത്തായ റിയ ചക്രബര്‍ത്തിയെയും സെപ്റ്റംബര്‍ ഒന്‍പതിന് എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്.

Latest News