അശ്ലീല ഫോണ്‍ കോള്‍; അമ്മയും മകളും മദ്ധ്യവയസ്‌ക്കനെ വീട്ടില്‍ വിളിച്ച് വരുത്തി വിറകിനടിച്ച് കൊലപ്പെടുത്തി

നിരന്തരമായി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ മദ്ധ്യവയസ്‌ക്കനെ അമ്മയും മകളും ചേര്‍ന്ന് വിറകുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ രത്‌നപുരി അരുള്‍നഗര്‍ സ്വദേശി എന്‍ പെരിയസ്വാമിയാണ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയെയും അമ്മ സുജാതയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുജാതയുടെ ഭര്‍ത്തവ് മരിച്ചത്. അന്ന് മുതല്‍ കോയമ്പത്തൂര്‍ കരമടെ നഗറില്‍ ശ്രേയയും അമ്മ സുജാതയും ഒന്നിച്ചാണ് താമസിക്കുന്നത്. ഒരാഴ്ച മുന്‍പ് ശ്രേയയുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നു. പിന്നീട് യുവതി തിരിച്ച് വിളിക്കുകയും ശേഷം അതേ നമ്പരില്‍ നിന്ന് നിരന്തരം കോളുകള്‍ വരികയും ചെയ്തു. പലപ്പോഴും അശ്ലീലച്ചുവയോടെയുളള സംസാരമായിരുന്നു ഉണ്ടായിരുന്നത്.
ശല്യം സഹിക്കാന്‍ വയ്യാതായതോടെ യുവതി കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

പിന്നീട് യുവതി തന്റെ അമ്മയോടും വിവരം പറഞ്ഞു, കാര്യമറിഞ്ഞപ്പോള്‍ ഇരുവരും ചേര്‍ന്ന് ആളെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആളെ തിരിച്ചറിഞ്ഞ ശേഷം അമ്മയും മകളും ചേര്‍ന്ന് ഇയാളെ ചൊവ്വാഴ്ച്ച പെരിയ നഗറിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ആള്‍ ശ്രേയയുടെ വീടിന് സമീപം നിലയുറപ്പിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ അമ്മയും മകളും ഇയാളുമായി വാക്ക് തര്‍ക്കമാവുകയും പിന്നീട് ഇത് കൊലപാതകത്തിലേക്ക് നയിക്കകയുമാരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കൊളേജിലേക്ക് മാറ്റുകയും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Latest News