‘ധോണിക്കായി 15 കോടി മുടക്കേണ്ടതുണ്ടോ?’; ഐപിഎല്‍ മെഗാലേലത്തില്‍ ചെന്നൈക്ക് ഉപദേശവുമായി ആകാശ് ചോപ്ര

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് നടക്കുന്ന മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിയെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയെ നിലനിര്‍ത്താനാവശ്യമായ 15 കോടി മുടക്കാതിരിക്കുകയാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും അഥവാ മുടക്കിയാല്‍ തന്നെ 39 കാരനായ താരം മുന്നുവര്‍ഷത്തെ കരാറില്‍ കളിക്കുമോ എന്ന് ഉറപ്പുപറയാനാകില്ലെന്നുമാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ സീസണില്‍ സിഎസ്‌കെ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിലെ തോല്‍വിയ്ക്ക് ശേഷം ധോണിയ്ക്ക് പകരം അടുത്ത സീസണില്‍ ചെന്നൈ ഡ്യൂപ്ലസിസിനെ നായകനാക്കി ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബംഗാര്‍ അടക്കം പ്രതികരിച്ചിരുന്നു.

2021 സീസണിലേക്ക് മെഗാ താരലേലമുണ്ടാവുകയാണെങ്കില്‍ അതേറ്റവും സഹായിക്കുക ചെന്നൈയെ ആയിരിക്കുമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. എന്നാല്‍ 15 കോടി മുടക്കി ധോണിയെ നിലനിര്‍ത്തുന്നത് സിഎസ്‌കെയ്ക്ക് നഷ്ടമുണ്ടാക്കും. ലേലത്തിലൂടെ നിലനിര്‍ത്തുന്ന കളിക്കാരന്‍ മൂന്നുവര്‍ഷമാണ് ടീമിലുണ്ടാവുക. 39 കാരനായ ധോണി അതുവരെ തുടരാനുള്ള സാധ്യതയും കുറവാണ്. അഥവാ 2021 ലേക്ക് ധോണിയെ നിലനിര്‍ത്തിയാല്‍തന്നെ 2021ല്‍ വീണ്ടും സിഎസ്‌കെ 15 കോടിയ്ക്ക് മറ്റൊരു താരത്തെ കണ്ടെത്തേണ്ടി വരും. ആ നിലയ്ക്ക് ലേലത്തില്‍ ധോണിയെ ഒഴിവാക്കുകയാണ് നല്ലത്.

പണമുണ്ടെങ്കില്‍ വലിയൊരു ടീമിനെ വാര്‍ത്തെടുക്കാനാവുമെന്നതാണ് മെഗാലേലത്തിന്റെ ഗുണം. ധോണിയെ നിലനിര്‍ത്താന്‍ ശ്രമിക്കാതിരിക്കുകയാണെങ്കില്‍ പിന്നീട് റൈറ്റ് ടു മാച്ച് വഴി അദ്ദേഹത്തെ സിഎസ്‌കെയ്ക്ക് ഇഷ്ടമുള്ള തുകയ്ക്ക് സ്വന്തമാക്കാനാകും. അപ്പോള്‍ ആ തുകയ്ക്ക് ടീമിന് മറ്റു കളിക്കാരെ വാങ്ങാനുമാകുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

സിഎസ്‌കെയ്ക്ക് അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ വളരെകുറച്ച് താരങ്ങള്‍ മാത്രമാണുള്ളത്. പുതിയ നിരയെക്കൊണ്ടുവന്ന് വിജയം കാണുകയാണ് സിഎസ്‌കെയുടെ ലക്ഷ്യമെങ്കില്‍ ഹാഫ് ഡ്യൂപ്ലസിസ്, അമ്പട്ടി റയിഡു, സുരേഷ് റെയ്‌ന, ഹര്‍ബജന്‍ സിംഗ് എന്നിവരെയൊന്നും വന്‍ തുകയ്ക്ക് ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാതിരിക്കുകയാണ് സിഎസ്‌കെയ്ക്ക് നല്ലതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

Latest News